കണ്ണൂര്‍: 1978 മേയ് 27-ന് രാവിലെ എട്ടുമണിയായിക്കാണും. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ ഒരു സര്‍ക്കാര്‍ വാഹനം വന്നുനിന്നു. പൊളിറ്റിക്കല്‍ അണ്ടര്‍ സെക്രട്ടറി ശങ്കരന്‍ വാഹനത്തില്‍ നിന്നിറങ്ങി കെ.കെ.ഭരതന്‍ താമസിക്കുന്ന മുറിയുടെ കോളിങ് ബെല്ലമര്‍ത്തി. പുറത്തിറങ്ങിയ ഭരതനോട് ശങ്കരന്‍ പതുക്കെ ചോദിച്ചു, 'മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ മരിച്ചു. അദ്ദേഹം അന്ത്യാഭിലാഷമായി നിങ്ങളോടെന്തെങ്കിലും പറഞ്ഞിരുന്നോ? പ്രത്യേകിച്ച് മൃതദേഹം എവിടെ അടക്കംചെയ്യണമെന്നോ മറ്റോ? മുഖ്യമന്ത്രി നിര്‍ദേശിച്ചതനുസരിച്ചാണ് ഞാന്‍ വന്നത്.'

കൂടാളി ഹൈസ്‌കൂളില്‍ കവിയുടെ ശിഷ്യനും കവി തിരുവനന്തപുരത്തെത്തിയാല്‍ സഹചാരിയുമായ കെ.കെ.ഭരതന്‍ സംഭവമറിഞ്ഞ് നടുങ്ങിപ്പോയി. തിരുവനന്തപുരത്തെ പതിവ് സങ്കേതമായ റെയില്‍വേ സ്റ്റേഷന് സമീപത്തെ സി.പി.സത്രത്തില്‍ ഉറങ്ങാന്‍ കിടന്ന കവിയെ രാവിലെ മരിച്ച നിലയിലാണ് കണ്ടതെന്നും ശങ്കരന്‍ അറിയിച്ചു. തലേന്ന് വൈകുന്നേരം 'ട്രിവാന്‍ഡ്രം ഹോട്ടലി'ന് മുന്നിലെ മാഞ്ചുവട്ടില്‍ കാത്തിരിക്കണമെന്ന് പറഞ്ഞതും സന്ധ്യവരെ കാത്തിരുന്നിട്ടും കവിയെത്താതിരുന്നതും ഭരതന്റെ മനസ്സിലൂടെ ഒരു കൊള്ളിയാന്‍പോലെ മിന്നിമറഞ്ഞു.

മഹാകവിയുടെ പിറന്നാള്‍ ഒരിക്കല്‍ക്കൂടി കടന്നുവരുമ്പോള്‍, ചാലോട് 'കാര്‍ത്തിക'യിലെ കെ.കെ.ഭരതന്റെ ഓര്‍മയില്‍ പഴയ സംഭവങ്ങള്‍ ഇപ്പോഴും സജീവം. സെക്രട്ടേറിയറ്റില്‍ ഗവ. ഡെപ്യൂട്ടി സെക്രട്ടറിയായി 1996-ല്‍ വിരമിച്ച ഈ എണ്‍പതുകാരന്‍, ഫുട്‌ബോള്‍ ദേശീയ റഫറി കൂടിയായിരുന്നു.

ഒരുപാട് ദുരൂഹതകള്‍ ഉയര്‍ത്തിയതായിരുന്നു കവിയുടെ മരണം. പിന്നീട് വിവാദങ്ങള്‍ക്ക് അവസരമുണ്ടാക്കേണ്ടെന്ന് കരുതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് വ്യക്തമായി. മൃതദേഹം ഏറ്റുവാങ്ങാന്‍ മുഖ്യമന്ത്രി എ.കെ.ആന്റണിയും മന്ത്രിമാരും പാര്‍ട്ടിനേതാക്കളുമൊക്കെ എത്തിയിരുന്നു.

ഔദ്യോഗിക ബഹുമതികളോടെ നിളാതീരത്ത്, ചെറുതുരുത്തിയിലാണ് കവിയുടെ മൃതദേഹം സംസ്‌കരിച്ചത്. കവി ഒരുവ്യാഴവട്ടക്കാലം അധ്യാപകനായിരുന്ന കൂടാളി ഹൈസ്‌കൂളിനുവേണ്ടി മൃതദേഹത്തില്‍ റീത്ത് വെച്ചതും കെ.കെ.ഭരതനായിരുന്നു. ഇപ്പോള്‍ ചാലോട്ടിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണദ്ദേഹം.

Content Highlights ; K K Bharathan Student and friend of Mahakavi P Kunhiraman Nair