മനോരമ പത്രത്തിന്റെ അടിച്ചു വന്ന തന്റെ ചിത്രം കാണാനാണ് കാടിറങ്ങിയതെന്നും പാന്റും ഷര്‍ട്ടുമിട്ട് ഒരു ചായക്കടയില്‍ പോയി മനോരമ പത്രം ചോദിച്ചെന്നുമുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ തോമസ് ജേക്കബിന്റെ വാദങ്ങള്‍ വെറും അബദ്ധമാണെന്ന് കെ. അജിത. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ തോമസ് ജേക്കബ് നടത്തിയ അഭിപ്രായ പ്രകടനത്തോടുള്ള പ്രതികരണക്കുറിപ്പിലാണ് അജിതയുട വെളിപ്പെടുത്തല്‍.

അദ്ദേഹത്തിന്റെ അനുഭവവിവരണങ്ങള്‍ രസമുള്ളതാണ്. പക്ഷേ എന്നെപ്പറ്റി പറഞ്ഞ ചില കാര്യങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും അജിത പറഞ്ഞു. സഖാക്കളില്‍ പലരും പോലീസ് പിടിയിലായ സാഹചര്യത്തില്‍ നാട്ടില്‍തന്നെ ഒളിവില്‍ കഴിയാമെന്ന ചിന്തയിലാണ് കാടിറങ്ങിയത്. ബസ് റൂട്ടില്ലാത്തിടത്ത് ബസിനെപ്പറ്റി ചോദിച്ചത് നാട്ടുകാരില്‍ സംശയമുണര്‍ത്തി. അവരില്‍ ആരോ തന്നെയാണ് പത്രം കൊണ്ടുവന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

തോമസ് ജേക്കബ് പറഞ്ഞതു പോലെ ആ പടം പത്രത്തില്‍ വന്നത് താന്‍ വലിയ കാര്യമായി എടുത്തിരുന്നില്ലെന്നും അവര്‍ പറഞ്ഞു. തന്റെ ചിത്രം വിറ്റു കാശാക്കിയില്ലേ എന്ന ചോദ്യത്തിന് നാരായണേട്ടന്‍ എന്തുത്തരമാണ് നല്‍കിയതെന്ന കാര്യത്തെക്കുറിച്ച് ഓര്‍മയില്ലെന്നും അവര്‍ പറഞ്ഞു. 

നക്‌സലൈറ്റ് വേട്ടക്കാലത്ത്, മുഖ്യധാരാ മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനത്തെക്കുറിച്ചും അജിതയുടെ അറസ്റ്റിനെക്കുറിച്ചും പ്രശസ്ത പത്രവര്‍ത്തകനായ തോമസ് ജേക്കബ് മാതൃഭൂമി ആഴ്ചപ്പതിപ്പുമായി നടത്തിയ അഭിമുഖത്തില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. മനോരമ പത്രത്തില്‍ വന്ന ചിത്രം കാണാനായി കാടിറങ്ങിയ സമയത്താണ് അജിത പിടിയിലാകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളിലൊന്ന്.