രാജ്യത്തെ ഏറ്റവും വലിയ പുരസ്‌കാരത്തുകയുള്ള സാഹിത്യ പുരസ്‌കാരമായ ജെ.സി.ബി സമ്മാനത്തിന്റെ ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു. സിനിമാസംവിധായകനും പരിസ്ഥിതിപ്രവര്‍ത്തകനുമായ പ്രദീപ് കൃഷന്‍ അധ്യക്ഷനായ സമിതിയില്‍ മലയാളത്തില്‍ നിന്ന് കെ.ആര്‍.മീരയുമുണ്ട്.

സാമ്പത്തിക വിദഗ്ദ്ധനും മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായ അര്‍വിന്ദ് സുബ്രഹ്മണ്യന്‍, എഴുത്തുകാരിയും നിരൂപകയുമായ അന്‍ജും ഹസ്സന്‍, എഴുത്തുകാരി പാര്‍വതി ശര്‍മ എന്നിവരാണ് അംഞ്ചംഗ സമിതിയിലെ മറ്റ് അംഗങ്ങള്‍.

25 ലക്ഷം രൂപ സമ്മാനത്തുകയുള്ള പുരസ്‌കാരം ജെ.സി.ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ സാഹിത്യ നേട്ടങ്ങളുടെ അന്തസ് ഉയര്‍ത്തുക, സമകാലിക ഇന്ത്യന്‍ സാഹിത്യത്തിന് കൂടുതല്‍ ദൃശ്യപരത നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ 2018ലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

ഇംഗ്ലീഷിലെഴുതിയതോ ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തതോ ആയ ഫിക്ഷന്‍ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. പ്രഥമ ജെ.സി.ബി സാഹിത്യ പുരസ്‌കാരം മലയാളി എഴുത്തുകാരന്‍ ബെന്യാമിന്റെ ജാസ്മിന്‍ ഡെയ്സ് എന്ന വിവര്‍ത്തന കൃതിക്കായിരുന്നു.

പത്ത് പുസ്തകങ്ങള്‍ അടങ്ങിയ ദീര്‍ഘപ്പട്ടിക സെപ്റ്റംബര്‍ 4ന് പ്രഖ്യാപിക്കും. അഞ്ച് പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക ഒക്ടോബറിലും പുരസ്‌കാര ജേതാവിനെ നവംബറിലും പ്രഖ്യാപിക്കും. 

jcb prize

Content HIghlights: Arvind Subramanian, KR Meera, Parvati Sharma, Anjum Hasan, Pradip Krishen,JCB Prize for Literature