കോഴിക്കോട്: ഒറ്റ പുസ്തകത്തിലൂടെ നാലു നാടക നടികളുടെ ജീവിതം പറഞ്ഞ ഭാനുപ്രകാശിന്റെ 'മുന്‍പേ പെയ്ത മഴയിലാണ് ഇപ്പോള്‍ നനയുന്നത്' ചരിത്രരേഖയായി മാറിയ ഒരു പാഠപുസ്തകമാണെന്ന് നടന്‍ ജോയ് മാത്യു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാം പതിപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസില്‍ നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'നാടകത്തിലൂടെയാണ് കേരളത്തില്‍ ഒരു സാംസ്‌കാരിക തരംഗം ഉണ്ടായത്. കേരളത്തെ ഒരു മത സൗഹാര്‍ദ ഭൂമികയാക്കി മാറ്റിയെടുക്കാന്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ സാംസ്‌കാരിക പോരാട്ടങ്ങളാണ് ഇവിടെ നടന്നതെന്ന് ഈ പുസ്തകം വായിച്ചാല്‍ മനസ്സിലാവും. ആയിരങ്ങളെ നാടകം ആകര്‍ഷിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നുമാണ് കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വേരോട്ടം തുടങ്ങുന്നത്. ജീവിക്കാന്‍ വേണ്ടി നാടകത്തിലേക്ക് വരികയും പിന്നീട് അരങ്ങിന്റെ ശിക്ഷണത്തില്‍ അഭിനയം പഠിച്ച് മികച്ച അഭിനേത്രികളായി മാറുകയും ചെയ്ത ഈ നടികളുടെ തീക്ഷ്ണമായ അനുഭവങ്ങള്‍ വരച്ചിടുന്ന ഈ പുസ്തകത്തിന്റെ ഓരോ താളും കണ്ണ് നനയാതെ വായിക്കാനാവില്ല.'

'അച്ഛന്റെയും അമ്മയുടെയുമൊക്കെ ചിത കത്തും മുന്‍പേ അരങ്ങിലേക്കു പോകേണ്ടി വന്ന സരസയുടെയും ഉഷയുടെയും അനുഭവങ്ങള്‍ എന്നെ കരയിപ്പിച്ചു.  നാടകത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച നൂറുകണക്കിന് അമ്മമാരുടെ, സഹോദമാരുടെ ജീവിത സമരങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഭാനുപ്രകാശിന്റെ ഈ പുസ്തകം'-ജോയ് മാത്യു പറഞ്ഞു. 

BHANU PRAKASH
പുസ്തകം വാങ്ങാം

നാടകത്തിന് വേണ്ടി വരുന്ന ശാരീരികവും മാനസികവുമായ അധ്വാനം മനസ്സിലാക്കിയെങ്കിലും ചലച്ചിത്രാഭിനേതാക്കള്‍ക്ക് നല്‍കുന്ന പുരസ്‌കാര തുക തന്നെ നാടകാഭിനേതാക്കള്‍ക്കും നല്‍കാനുള്ള തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാവണമെന്ന് ജോയ് മാത്യു മന്ത്രി മുഹമ്മദ് റിയാസിനോട് അഭ്യര്‍ഥിച്ചു. നാടകത്തിന്റെ വിലപ്പെട്ട ചരിത്രരേഖകള്‍ സൂക്ഷിക്കുന്നതിനു വേണ്ടി ഒരു മ്യൂസിയം നിര്‍മ്മിക്കേണ്ടതുണ്ടെന്നും ഇതിനായി കോഴിക്കോട്, മാനാഞ്ചിറയ്ക്ക് സമീപമുണ്ടായിരുന്ന കോം ട്രസ്റ്റിന്റെ സ്ഥലം ഉപയോഗപ്പെടുത്തണമെന്നും ജോയ് മാത്യു പറഞ്ഞു. അഡ്വ. പി.സതിദേവി അധ്യക്ഷയായ ചടങ്ങില്‍ അഡ്വ. പി എം ആതിര, ബേപ്പൂര്‍ ഡെവലപ്പ്‌മെന്റ് മിഷന്‍ ചെയര്‍മാന്‍ എം. ഗിരീഷ്, മാതൃഭൂമി ബുക്‌സ് മാനേജര്‍ നൗഷാദ്, ഭാനുപ്രകാശ്, ഉഷാ ചന്ദ്രബാബു, എല്‍.സി സുകുമാരന്‍ എന്നിവരും സംസാരിച്ചു.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Joy Mathew, Bhanu Praksh, Mathrubhumi Books