ന്യൂഡൽഹി: ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷിന് ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം. ബംഗാളി സാഹിത്യത്തില്‍ രവീന്ദ്രനാഥ ടാഗോറിന്റെ പിന്മുറക്കാരന്‍ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.  

1932 ഫെബ്രുവരി 6ന് ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ ചാന്ദ്പൂരിലാണ് ശംഖ ഘോഷ് ജനിച്ചത്. കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍ നിന്ന് ബിരുദവും കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

നിരവധി സര്‍വകലാശാലകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം 1992ല്‍ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ നിന്നും വിരമിച്ചു.

ആദിം ലത ഗുല്‍മോമേയ്, മുര്‍ഖ ബാരോ, സമാജിക് നേ, കബീര്‍ ആഭിപ്രേയ്, മുഖ് ധേക്കേ ജയ് ബിജ്യപാനേ, ബാബരേര്‍ പ്രതാന തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, രബീന്ദ്ര പുരസ്‌കാരം, നര്‍സിങ് ദാസ് പുരസ്‌കാരം, സരസ്വതി സമ്മാന്‍ എന്നിവ ലഭിച്ചിട്ടുള്ള അദ്ദേഹത്തെ 2011ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.