ബീഫ് ഫെസ്റ്റിവലുകള്‍ യഥാര്‍ഥത്തില്‍ ഹിന്ദുശക്തികളുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ ജിഗ്നേഷ് മേവാനി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ബീഫ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ടുള്ള മേവാനിയുടെ അഭിപ്രായപ്രകടനം. 

മാര്‍ക്‌സിസ്റ്റുകളെ പശുവിലേക്ക് തിരിച്ചുവിടുക എന്ന അജന്‍ഡ നടപ്പിലാവുകയാണ്. പശുരാഷ്ട്രീയത്തിന് എതിരായി സാമ്പത്തിക സമരമാണ് രൂപപ്പെടേണ്ടത്. മേവാനി പറയുന്നു. പശുരാഷ്ട്രീയത്തെ ചെറുക്കുന്നതിന് എത്രത്തോളം ശക്തമാണ് ബീഫ് ഫെസ്റ്റിവലുകള്‍ എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് മേവാനി ഇങ്ങനെ അഭിപ്രായപ്പെട്ടത്. 

സാംസ്‌കാരികപരമായി ഗോമാതാവിനെ തകര്‍ക്കാനുള്ള ശ്രമങ്ങളേക്കാള്‍ ഇതിനെ ഒരു സാമ്പത്തിക പ്രശ്‌നമായി മനസ്സിലാക്കാന്‍ സാധിച്ചാലേ കൃത്യമായ പ്രതിരോധം രൂപപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. കേരളമടക്കമുള്ള ഇടങ്ങളിലെ സോഷ്യല്‍ ഫാബ്രിക് തകര്‍ത്ത് സാമ്പത്തിക സാംസ്‌കാരിക അവസ്ഥ കൊണ്ടുവരികയാണ് ബിജെപിയുടെ അജന്‍ഡ എന്നും മേവാനി പറയുന്നു. ഒരു പശുവിന്റെ ജീവനാണ് ഒരു സംഘപരിവാറുകാരനും ബിജെപിക്കാരനും മനുഷ്യന്റേതിനേക്കാള്‍ വില നല്‍കുന്നതെന്നും മേവാനി അഭിമുഖത്തില്‍ പറയുന്നുണ്ട്.  

ഗുജറാത്തിലെ ദലിത് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സാമൂഹ്യപ്രവര്‍ത്തകനാണ് ജിഗ്നേഷ് മേവാനി.