ജയ്പുര്‍: എല്ലാവര്‍ഷത്തെയുംപോലെ ജയ്പുര്‍ സാഹിത്യോത്സവത്തിന്റെ നാലാംദിനമായ ഞായറാഴ്ച തീര്‍ത്തും വ്യത്യസ്തമായ  വിഷയങ്ങളുടേതായിരുന്നു. എഴുത്തിന്റെയും ആവിഷ്‌കാരങ്ങളുടെയും ഭിന്നമായ തലങ്ങള്‍ അതുമായി ബന്ധപ്പെട്ടവര്‍ ചര്‍ച്ചചെയ്തു.

ആത്മകഥയുമായാണ് നര്‍ത്തകി സൊനാല്‍ മാന്‍സിങ്  സാഹിത്യോത്സവവേദിയിലെത്തിയത്. നര്‍ത്തനലോകത്തെ തന്റെ യാത്രകളും ആവിഷ്‌കാരങ്ങളുടെ വിശദാംശങ്ങളും അവര്‍ പങ്കുവെച്ചു. നൃത്തവും നര്‍ത്തകിയും ഒന്നാവുന്നതിന്റെ അനുഭവം വിവരിച്ചു.

ഗംഗയുടെ ജീവിതത്തെയും മരണത്തെയും കുറിച്ച് 'റിവര്‍ ഓഫ് ലൈഫ്, റിവര്‍ ഓഫ് ഡെത്ത്' എന്ന പുസ്തകം എഴുതിയ വിക്ടര്‍ മാലറ്റിന്റെ പ്രഭാഷണം ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട നദിയുടെ ജീവിതവും മരണവും അനുഭവത്തിന്റെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തില്‍ വിവരിക്കുന്നതായി. 

ഇന്ത്യക്കാര്‍ ആത്മീയമായ പുഴയെയും ഭൗതികമായ പുഴയെയും വ്യത്യസ്തമായാണ് കാണുന്നതെന്ന് വിക്ടര്‍ പറഞ്ഞു. അല്ലെങ്കില്‍ ആരാധനകളിലും പുരാണങ്ങളിലുമെല്ലാം നിറഞ്ഞ ഒരു നദി ഇങ്ങനെ മലിനമാവില്ലായിരുന്നു. ഇന്ത്യക്കാര്‍ ഗംഗയെ കൊല്ലുന്നു;  മലിനമായ ഗംഗ ഇന്ത്യക്കാരെയും കൊല്ലുന്നു. ഗംഗാശുദ്ധീകരണത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ എല്ലാ  വാഗ്ദാനങ്ങളും പാഴാവുകയാണ്. 'എന്റെ ചെറുപ്പത്തില്‍ അമ്മ  പറയുമായിരുന്നു തെംസ് നദിയില്‍ ഇറങ്ങരുത് എന്ന്. അത്രയ്ക്ക് മലിനമായിരുന്നു അത്. എന്നാല്‍, ഇന്ന് തെംസ് ഏറെ  ശുദ്ധമാണ്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചെയ്തതാണത്' -അദ്ദേഹം പറഞ്ഞു.

പ്രശസ്തിയുടെ പ്രശ്നങ്ങളെക്കുറിച്ചാണ് സോഹ അലിഖാനും ശര്‍മിളാ  ടാഗോറും സംസാരിച്ചത്. 'പാകിസ്താനും ഒസാമാ ബിന്‍ലാദന്റെ  വേട്ടയും' എന്ന വിഷയത്തില്‍ സംസാരിച്ചത് ഒന്നിലധികംതവണ ബിന്‍ലാദനുമായി അഭിമുഖം നടത്തിയ പത്രപ്രവര്‍ത്തകന്‍ പീറ്റര്‍ ബര്‍ഗന്‍ ആണ്. 

താന്‍കണ്ട ബിന്‍ലാദനെക്കുറിച്ചും ഒരു തീവ്രവാദിയായുള്ള ആ മനുഷ്യന്റെ വളര്‍ച്ചയെക്കുറിച്ചും പീറ്റര്‍ ബര്‍ഗന്‍ സ്വാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സംസാരിച്ചപ്പോള്‍ വായനയിലൂടെ മനസ്സിലായതിലുമപ്പുറമുള്ള ഒരു ലാദനാണ് മുന്നില്‍ത്തെളിഞ്ഞത്. അതിവിചിത്രമായ ഒരു മാനസികഘടനയായിരുന്നു താനറിയുന്ന ലാദന്റേതെന്നുപറഞ്ഞാണ് ബര്‍ഗന്‍ തന്റെ സംഭാഷണം അവസാനിപ്പിച്ചത്.