ജയ്പുര്‍: വാക്കും വര്‍ണവും നിറച്ച് അഞ്ചുദിവസം നീണ്ടുനിന്ന ജയ്പുര്‍ സാഹിത്യോത്സവം സമാപിച്ചു. ലോകമെമ്പാടുമുള്ള എഴുത്തുകാരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധയാകര്‍ഷിച്ച സാഹിത്യോത്സവം ഡിഗ്ഗി പാലസില്‍ ജനുവരി 25-നാണ് ആരംഭിച്ചത്.

യാത്രാവിവരണ എഴുത്തുകാരനും ചിന്തകനുമായ പികോ അയ്യര്‍, അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ സുകി കിം, സംവിധായികയും ബ്രിട്ടീഷ് ടെലിവിഷന്‍ നിര്‍മാതാവുമായ നസ്‌റീന്‍ മുന്നി കബീര്‍, തബല മാന്ത്രികന്‍ സക്കീര്‍ ഹുസൈന്‍, ശശി തരൂര്‍, നര്‍ത്തകി സൊണാലി മാന്‍സിങ് തുടങ്ങി ഒട്ടേറെ മഹാവ്യക്തികള്‍ പങ്കെടുത്തു. തിങ്കളാഴ്ച 'ദി ഫിക്ഷണല്‍ ലീപ്പ്' എന്ന ചര്‍ച്ചയില്‍ എഴുത്തുകാരായ കിരണ്‍ നാഗാര്‍കര്‍ വിവേക് ഷാന്‍ബാഗുമായി സംസാരിച്ചു. 

'നരേറ്റിവ്സ് ഓഫ് പവര്‍, സോങ്സ് ഓഫ് റെസിസ്റ്റന്‍സ്' എന്ന ചര്‍ച്ചയില്‍ ന്യൂയോര്‍ക്കില്‍നിന്നുള്ള ദളിത് എഴുത്തുകാരിയും ആന്ധ്രാസ്വദേശിയുമായ സുജാത ജിഡിലയും അമേരിക്കന്‍ കവിയായ ജോവാന്‍ മെയ്സും പങ്കെടുത്തു.
 
മഹാത്മാ ഗാന്ധി ജാതിവ്യവസ്ഥ കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിച്ചിരുന്നതായി സുജാത ജിഡില പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും അവര്‍ നിശിതമായി വിമര്‍ശിച്ചപ്പോള്‍ ജിഗ്നേഷ് മേവാനിയെ അഭിനന്ദിക്കാനും മറന്നില്ല. അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ അവസ്ഥയാണ് ജോവാന്‍ മെയ്സ് പങ്കുവെച്ചത്.