ട്ടം മറികടന്നുകൊണ്ടുള്ള ചരിത്രപ്രഖ്യാപനമായിരുന്നു ഇത്തവണത്തെ ബുക്കര്‍. ബെര്‍ണാഡിന്‍ എവരിസ്റ്റോയുടെയും മാര്‍ഗരറ്റ് അറ്റ്‌വുഡിന്റെയും കൃതികള്‍ ഒന്നിനൊന്ന് മികച്ചുനിന്നതോടെ ഒരാളെ തിരഞ്ഞെടുക്കാന്‍ പുരസ്‌കാരസമിതിയംഗങ്ങള്‍ കുഴങ്ങി. ഏറ്റവും മികച്ചത് ഏതെന്ന ചോദ്യത്തിന് രണ്ടുമെന്നുപറയാനേ ഇവര്‍ക്കായുള്ളൂ. ഇതോടെ ഒരുകാരണവശാലും ഭാഗിക്കരുതെന്ന ബുക്കറിന്റെ ചട്ടം മറികടക്കുകയായിരുന്നു.

1992-ലാണ് ഏറ്റവുമൊടുവില്‍ ബുക്കര്‍ പങ്കിട്ടത്. മിഷേല്‍ ഒണ്ടാത്ജീയെയും ബാരി അണ്‍സ്വെര്‍ത്തിനെയും ജേതാക്കളായി തിരഞ്ഞെടുത്തതോടെയാണ് പുരസ്‌കാരം ഭാഗിക്കാനാവില്ലെന്ന് സംഘാടകര്‍ തീര്‍ത്തുപറഞ്ഞത്. അതിന് മുമ്പ് 1974-ല്‍ നാദിന ഗോര്‍ഡിമെറും സ്റ്റാന്‍ലി മിഡില്‍ടണും ബുക്കര്‍ പങ്കിട്ടിരുന്നു.

രണ്ടായിരത്തില്‍ 'ദ ബ്ലൈന്‍ഡ് അസാസിന്‍' എന്ന അറ്റ്‌വുഡിന്റെ കൃതി ബുക്കര്‍ പുരസ്‌കാരം നേടിയിരുന്നു. ഇതോടെ അവര്‍ രണ്ടുതവണ ബുക്കര്‍ സ്വന്തമാക്കുന്ന നാലാമത്തെ വ്യക്തിയായി. അനുബന്ധകൃതിക്ക് ബുക്കര്‍ നേടുന്ന മൂന്നാമത്തെ വ്യക്തിയെന്ന നേട്ടവും അറ്റ്‌വുഡ് സ്വന്തമാക്കി. അറ്റ്‌വുഡിന്റെ 'ഹാന്‍ഡ്‌മെയ്ഡ്‌സ് ടെയില്‍' എന്ന കൃതിയുടെ തുടര്‍ച്ചയാണ് 'ദ ടെസ്റ്റമെന്റ്‌സ്'. 1995-ല്‍ പാറ്റ് പാര്‍ക്കറിന്റെ 'ദ ഗോസ്റ്റ് റോഡ്', 2012-ല്‍ ഹിലരി മാന്റലിന്റെ ബ്രിങ് അപ് ദ ബോഡീസ് എന്നിവയാണ് ഇതിനുമുമ്പ് ബുക്കര്‍ നേടിയ അനുബന്ധ കൃതികള്‍.

എവരിസ്റ്റോയുടെ എട്ടാമത്തെ നോവലാണ് 'ഗേള്‍, വുമണ്‍, അതര്‍'. വ്യത്യസ്തവ്യക്തിത്വത്തിന് ഉടമകളായ 12 പേരുടെ ജീവിതവും പ്രയാസങ്ങളുമാണ് പ്രമേയം. വനിതകളും കറുത്ത വംശജനും ബ്രിട്ടീഷുകാരും തങ്ങളുടെയും കുടുംബത്തെയും സുഹൃത്തുക്കളെയും പ്രണയിതാക്കളെയും കുറിച്ച് പറയുന്നതാണ് കഥ.

2018 ഒക്ടോബര്‍ മുതല്‍ 2019 സെപ്റ്റംബര്‍വരെ ബ്രിട്ടനിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിച്ച 151 പുസ്തകങ്ങളില്‍നിന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ബ്രിട്ടീഷ്-ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ നോവല്‍ 'ക്വിചോട്ടെ'യും ചുരുക്കപ്പട്ടികയിലെ ആറുകൃതികളില്‍ ഉള്‍പ്പെട്ടു. ലൂസി എല്‍മാന്‍, ഷിഗോസി ഒബിയോമ, എലിഫ് ഷഫാക് എന്നിവരാണ് അന്തിമപട്ടികയിലുണ്ടായിരുന്ന മറ്റുള്ളവര്‍.

ContenT Highlights: It's a Tie, Margaret Atwood and Bernardine Evaristo Share Booker Prize After Jury 'Flout' Rules