ഷാര്‍ജ: 'എല്ലാറ്റിനെയും ചിരിയോടെ നേരിടുക, വിജയം നമുക്കായി കാത്തുനില്‍പ്പുണ്ടാവും' ചിരിയുണര്‍ത്തിയ വാക്കുകളിലൂടെയായിരുന്നു ഇന്നസെന്റിന്റെ സന്ദേശം. ഒരുഘട്ടത്തില്‍ ജീവിതംതന്നെ അവസാനിച്ചുവെന്ന് കരുതിയ ദിവസങ്ങളില്‍ പതിയെ അതിനെ ചിരിച്ചുകൊണ്ട് നേരിട്ട കഥയായിരുന്നു  ഷാര്‍ജ  പുസ്തകമേളയില്‍  ബുധനാഴ്ച അതിഥിയായെത്തിയ നടനും എം.പി.യുമായ ഇന്നസെന്റ് സദസ്സിനുമുന്നില്‍ വിവരിച്ചത്. 

താന്‍ കടന്നുവന്ന വഴികള്‍ എന്നും നര്‍മത്തോടെ മാത്രം ഓര്‍മിക്കാറുള്ള നടന്‍, കുടുംബം, മതം, ബിസിനസ്, സിനിമ, നിര്‍മാണം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ ഹാസ്യം കലര്‍ത്തി അവതരിപ്പിച്ചപ്പോള്‍ ബാള്‍റൂമില്‍ നിറഞ്ഞുനിന്ന സദസ്സ് കൈയടികളോടെ അതേറ്റുവാങ്ങി.

ചെറുപ്പത്തില്‍ ക്ലാസ്സ് മുറികളില്‍ നേരിട്ട തോല്‍വി, തൊഴില്‍തേടി അലഞ്ഞ് പരാജയപ്പെട്ട കഥകള്‍ എന്നിങ്ങനെ പരാജയത്തിന്റെ കഥകളായിരുന്നു ഇന്നസെന്റിന് ഏറെയും പറയാനുണ്ടായിരുന്നത്. പക്ഷേ, ശ്രമിക്കാനും പിന്‍വലിയാതെ മുന്നോട്ടുകുതിക്കാനുമുള്ള മനസ്സും എല്ലാവര്‍ക്കും വേണമെന്നായിരുന്നു ഇന്നസെന്റിന്റെ ഉപദേശം. 

കാലന്റെ ഡല്‍ഹി യാത്ര- അന്തിക്കാട് വഴി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലാസ്സില്‍ തോല്‍ക്കുന്നതില്‍ കാര്യമില്ല ജീവിതത്തെ പോസിറ്റീവായി നോക്കിക്കാണാനും കൂടുതല്‍ അനുഭവങ്ങള്‍ സ്വായത്തമാക്കാനും ഇതെല്ലാം നേട്ടമാകും. എന്നുവെച്ച് തോല്‍ക്കണമെന്നല്ല, എന്നാല്‍ തോറ്റുപോയാല്‍ അതില്‍ പരിതപിച്ച് ഇരിക്കേണ്ട കാര്യമൊന്നുമില്ല. നിങ്ങള്‍ക്കുമുന്നില്‍ വിശാലമായ ലോകമുണ്ട്. എത്രയോ ഉയരത്തിലെത്താന്‍ നിങ്ങള്‍ക്കാവും. അതിന്റെ ഉദാഹരണം തന്നെയാണ് ഈ ഇരിക്കുന്ന ഇന്നസെന്റ് -കുട്ടികളോട് പ്രത്യേകമായിത്തന്നെ ഇന്നസെന്റ് പറഞ്ഞു. 

ഇന്നസെന്റിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചിരിക്കുപിന്നില്‍ എന്നതായിരുന്നു ഇന്നസെന്റ് പങ്കെടുത്ത പരിപാടിയുടെ പേര്. എന്നാല്‍, ക്ലബ്ബ് എഫ്.എം. വാര്‍ത്താ അവതാരകയായ  രശ്മി രഞ്ചനും ആര്‍.ജെ. നീനയും ഇടയില്‍ ചില സമകാലീന വിഷയങ്ങളും ചോദ്യങ്ങളായി ഇന്നസെന്റിനുമുന്നില്‍ ഉന്നയിച്ചു. മതത്തിന്റെ പേരില്‍ കേരളത്തെ ധ്രുവീകരിക്കാന്‍ ചില ബാഹ്യശക്തികള്‍ ശ്രമിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഏറെ മുന്നില്‍ നില്‍ക്കുന്ന മലയാള നാട്ടില്‍ അതൊരിക്കലും നടക്കുന്ന കാര്യമല്ലെന്ന് ഇന്നസെന്റ് പറഞ്ഞു. 

ഒരു വ്യക്തിക്ക് കുറച്ചുപേരെ കുറച്ചുസമയത്തേക്ക്  തെറ്റിദ്ധരിപ്പിക്കാന്‍ സാധിച്ചേക്കാം. എന്നാല്‍, മലയാളികള്‍ എല്ലാവരെയും ഏറെക്കാലം ഇത്തരത്തില്‍ പറ്റിക്കാന്‍ സാധിക്കില്ല. പല കാര്യങ്ങളെക്കുറിച്ചും തമിഴ് നടന്മാര്‍ പ്രതികരിക്കാറുണ്ട്. എന്തുകൊണ്ട് മലയാളസിനിമയിലെ താരങ്ങള്‍ അത്തരത്തില്‍ ഇടപെടുന്നില്ല എന്ന ചോദ്യത്തിനും ഇന്നസെന്റിന് മറുപടിയുണ്ടായിരുന്നു -തമിഴ് സിനിമയില്‍ കാണുന്ന തരം ഗിമ്മിക്കുകളൊന്നും മലയാള സിനിമയില്‍ നടക്കില്ല എന്നതുപോലെ തന്നെയാണ് പ്രതികരണത്തിന്റെയും കാര്യം. കേരളത്തില്‍ ഒരു സിനിമാ നടന്‍ ജനങ്ങളോട് എന്തെങ്കിലും കാര്യം പറഞ്ഞാല്‍ അത് ഞങ്ങള്‍ നോക്കിക്കോളാം എന്നായിരിക്കും മിക്കവരുടെയും മറുപടി. സിനിമാ നടന്‍, എഴുത്തുകാരന്‍ പിന്നെ, നര്‍മഭാഷകന്‍ എന്നിവയുടെ ബലത്തിലാണ് താന്‍ എം.പി.സ്ഥാനത്തേക്ക് വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും, കാലന്റെ ഡല്‍ഹി യാത്ര- അന്തിക്കാട് വഴി എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. ഷാര്‍ജ സര്‍ക്കാരിന്റെ പബ്ലിക്കേഷന്‍ സിറ്റി കണ്‍സള്‍ട്ടന്റ് മൊഹമ്മദ് നൂര്‍ പുസ്തകങ്ങള്‍ ഷാര്‍ജ ബുക്ക് അതോറിറ്റി എക്‌സ്ടേണല്‍ അഫയേഴ്‌സ് എക്‌സിക്യുട്ടീവ് മോഹന്‍കുമാറിന് നല്‍കിയായിരുന്നു പ്രകാശനം. ക്ലബ്ബ് എഫ്.എം ആര്‍.ജെ. പവിത്ര സ്വാഗതം പറഞ്ഞു.