ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂർ: ലൈബ്രറികളിലൂടെ സമൂഹത്തിനാവശ്യമായ ഇടപെടലുകൾ നടത്താനും വിജ്ഞാനസമ്പാദനത്തിലൂടെ ഇരുട്ടിന്റെ ശക്തികളെ തോൽപ്പിക്കാനും സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കളക്ടറേറ്റ് മൈതാനിയിൽ പ്രഥമ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് നാട്ടിൽ വായനശാലകൾ സ്ഥാപിക്കപ്പെട്ടത്. കണ്ണൂർ താഴെചൊവ്വയിൽ 1932-ലാണ് എ.കെ.ജി.യുടെ നേതൃത്വത്തിൽ ’തൊഴിലാളി ലൈബ്രറി’ സ്ഥാപിച്ചത്. അതിനടുത്ത സ്കൂളിൽ എ.കെ.ജി. അധ്യാപകനായിരുന്നു. ആ പേരിൽത്തന്നെ അതിന്റെ ലക്ഷ്യവുമുണ്ട്.
ജോലിയോടൊപ്പം വായിച്ച് അറിവ് നേടിയ ബീഡിത്തൊഴിലാളികളെ മുഖ്യമന്ത്രി അനുസ്മരിച്ചു. ലൈബ്രറികളിലൂടെ രൂപപ്പെട്ടുവരുന്ന ഒട്ടേറെ പ്രാദേശിക കൂട്ടായ്മകളുണ്ട്. ലൈബ്രറികൾ ഇല്ലാത്ത വാർഡുകളിൽ അത് സ്ഥാപിച്ച് ഒരു വാർഡിന് ഒരു ലൈബ്രറി യാഥാർഥ്യമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ഡോ. വി. ശിവദാസൻ, എം.പി. അധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു കണ്ണൂർ ജില്ലയിലെ പുതിയ 102 ലൈബ്രറികളുടെ ഉദ്ഘാടന പ്രഖ്യാപനം നടത്തി. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ആമുഖഭാഷണവും പത്രപ്രവർത്തകൻ എൻ. റാം മുഖ്യപ്രഭാഷണവും നടത്തി.
രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ., കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ, എം.വി. ജയരാജൻ, പ്രബീർ പുർകായസ്ഥ, ടി.കെ. ഗോവിന്ദൻ, പി.കെ. വിജയൻ, ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ, പ്രമോദ് വെള്ളച്ചാൽ തുടങ്ങിയവർ സംബന്ധിച്ചു. കേരള സംഗീതനാടക അക്കാദമി വൈസ് ചെയർപേഴ്സൺ പുഷ്പവതി പൊയ്പാടത്ത് സ്വാഗതഗാനം ആലപിച്ചു.
Content Highlights: Indian library congress, pinarayi vijayan, chief minister of kerala, kannur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..