തിരുവനന്തപുരം: പതിന്നാലാം നൂറ്റാണ്ടു മുതലുള്ള ചരിത്രരേഖകള്‍ സംരക്ഷിച്ച് പ്രദര്‍ശിപ്പിക്കുന്ന രാജ്യത്തെ ആദ്യ താളിയോല രേഖാ മ്യൂസിയം കോട്ടയ്ക്കകത്തെ സെന്‍ട്രല്‍ ആര്‍ക്കൈവ്സില്‍ ഒരുങ്ങുന്നു. വേണാട് കാലഘട്ടം മുതലുള്ള ഭരണരേഖകള്‍, തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവിടങ്ങളിലെ രാഷ്ട്രീയ-സാമൂഹിക വിവരങ്ങള്‍ അടങ്ങിയ പുരാരേഖാ വകുപ്പിന്റെ കൈവശമുള്ള ഒരുകോടിയിലധികം വരുന്ന താളിയോലകളുടെ അപൂര്‍വശേഖരമാണ് മ്യൂസിയത്തില്‍ സജ്ജീകരിക്കുക.
വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്‍മ തുടങ്ങിയ പ്രാചീന ലിപികളിലുള്ള താളിയോലകളുടെ ദൃശ്യാവിഷ്‌കാരം ഒരുക്കുന്നുണ്ട്. ചരിത്രശേഷിപ്പുകളുടെ ആവിഷ്‌കാരത്തോടൊപ്പം അനുബന്ധമായ താളിയോലയുടെ മാതൃകയും പ്രദര്‍ശിപ്പിക്കും. പ്രാചീന ലിപികള്‍ ആധുനിക മലയാളത്തിലേക്കു മാറ്റുന്നതിനാല്‍ സാധാരണക്കാര്‍ക്കും രേഖകള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും.
താളിയോലകളില്‍ അധികവും ഭരണപരമായ രേഖകളാണുള്ളത്. ഉത്തരവുകള്‍, ഭൂമി ക്രയവിക്രയം, കോടതി രേഖകള്‍, മതിലകം രേഖകള്‍ തുടങ്ങിവയും ഉള്‍പ്പെടുന്നു. ഓരോ നൂറ്റാണ്ടിലും ഉപയോഗിച്ച പദങ്ങള്‍, ഭാഷയിലും ലിപിയിലുമുണ്ടായ മാറ്റങ്ങള്‍ എന്നിവ ഭാഷാ, ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമാകും. പൈതൃകത്തിന്റെ ഭാഗമായ താളിയോലകളെ അടുത്തറിയാനും ജനകീയവത്കരിക്കാനും ഇതിലൂടെ കഴിയുമെന്ന് പുരാരേഖാ വകുപ്പ് ഡയറക്ടര്‍ ജെ.രജികുമാര്‍ പറഞ്ഞു.
താളിയോല രേഖാമ്യൂസിയത്തിന്റെ സജ്ജീകരണം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വി.എസ്.ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. സര്‍ക്കാര്‍ ഏജന്‍സിയായ കേരള മ്യൂസിയമാണ് രൂപകല്‍പ്പന നിര്‍വഹിക്കുന്നത്. ആറുമാസത്തിനുള്ളില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കാനാണ് ലക്ഷ്യമിടുന്നത്.
പുരാരേഖാ വകുപ്പിന്റെ ശേഖരത്തിലുള്ള താളിയോലകള്‍ പൂര്‍ണമായും മലയാളത്തിലേക്കു വിവര്‍ത്തനംചെയ്ത് ഡിജിറ്റലാക്കി സൂക്ഷിക്കുന്ന പദ്ധതി 60 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്.
Content Highlights: India's first palm-leaf manuscript museum in Trivandrum