കണ്ണൂര്‍: ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ എസ്.എല്‍.പുരം സദാനന്ദന്‍ നാടകപുരസ്‌കാരം പ്രമുഖ നാടകകൃത്ത് ഇബ്രാഹിം വെങ്ങരയ്ക്ക് ലഭിച്ചത് നാടിന് അഭിമാനമായി. കണ്ണൂര്‍ ജില്ലയിലെ വെങ്ങര സ്വദേശിയാണ്.

പൊള്ളുന്ന ജീവിതാനുഭവങ്ങളെ നാടകങ്ങളിലൂടെ പകര്‍ന്നു നല്‍കിയ എഴുത്തുകാരനാണ് ഇബ്രാഹിം വെങ്ങര. 13-ാം വയസ്സില്‍ നാടുവിടുകയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുകയും വിവിധ ജോലികള്‍ ചെയ്യുകയും ചെയ്ത അദ്ദേഹം പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണ്.

റേഡിയോ നാടകങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം അതിലൂടെ വലിയ ആരാധകവൃന്ദത്തെ സൃഷ്ടിച്ചിരുന്നു. അന്‍പതില്‍പരം റേഡിയോ നാടങ്ങള്‍ എഴുതിയിട്ടുണ്ട്. 25-ലധികം മറ്റു നാടകങ്ങളും അത്രതന്നെ ഏകാങ്കനാടകങ്ങളും രചിച്ചിട്ടുണ്ട്.

ആദ്യനാടകമായ 'ആര്‍ത്തി' 1965-ല്‍ അഖില കേരള നാടകമത്സരത്തില്‍ ഒന്നാംസ്ഥാനം നേടി. ഭൂതവനം എന്ന നാടകം എഴുതിയതിന്റെ പേരില്‍ അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചു.

വാല്മീകം, ഉത്തരം, ഏഴില്‍ ചൊവ്വ, ഉപഹാരം, പടനിലം, മാളികവീട്, രാജസഭ, ഒരു ഇതിഹാസകാവ്യം എന്നിവ അദ്ദേഹത്തിന്റെ പ്രധാന നാടകങ്ങളാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആകാശവാണി റേഡിയോ നാടകപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില നാടകങ്ങള്‍ 14 ഭാഷകളില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ആത്മകഥയ്ക്കും രാജസഭ എന്ന നാടകത്തിനും സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

കേരള സംഗീതനാടക അക്കാദമി അംഗം, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനസമിതിയംഗം, കേരള ഡ്രാമാ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാനസമിതി അംഗം എന്നീ നിലകളില്‍ ഇബ്രാഹിം വെങ്ങര പ്രവര്‍ത്തിച്ചിട്ടുണ്ട്. തളിരിട്ട കിനാക്കള്‍, പകല്‍, വീരപുത്രന്‍, ഏകാന്തം എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Content Highlights: Ibrahim Vengara wins SL puram Award