'അക്ഷരം അറിയാത്ത ഉമ്മയാണ് എന്നെ എഴുത്തുകാരനാക്കിയത്. ചെറിയ ക്ലാസില്‍ ഖലീഫ ഉമറിന്റെ പാഠം പഠിക്കാനുണ്ടായിരുന്നു. ഓരോ ദിവസവും ഉമ്മ എന്നെക്കൊണ്ട് പാഠം വായിപ്പിക്കും. വിശന്നുപൊരിഞ്ഞ മക്കള്‍ക്കുമുമ്പില്‍ ഒരു നേരത്തെ ആഹാരം നല്കാന് കഴിയാത്ത ഒരമ്മയുണ്ട് ആ കഥയില്‍. ഓരോ രാത്രിയിലും ചോറ് വേവുന്നുണ്ടെന്ന് കളവുപറഞ്ഞ് കലത്തില്‍ വെറുതെ കൈയിലിട്ട് ഉമ്മ ഇളക്കിക്കൊണ്ടിരിക്കും. വിശപ്പ് സഹിക്കാനാവതെ കരഞ്ഞുകരഞ്ഞു കുട്ടികള്‍ തളര്‍ന്നുറങ്ങും. ഒടുവില്‍ പട്ടിണിബാധിച്ച കുടുംബത്തെ നല്ലവനായ ഭരണാധികാരി ഉമര്‍ രക്ഷപ്പെടുത്തുന്നതാണ് കഥ. കഥാന്ത്യം വായിക്കുമ്പോള്‍ ഉമ്മയുടെ കണ്ണു നിറയും. എന്നിട്ടും ഓരോ ദിവസവും പറയും ആളില്ലാത്തവര്‍ക്ക് അല്ലാഹു തുണ...'
കഥാകൃത്ത് അശ്റഫ് ആഡൂരിന്റെ തിരഞ്ഞെടുത്ത കഥകളിലെ ആമുഖത്തില്‍ കഥാകൃത്ത് ബാല്യത്തിന്റെ ദാരിദ്ര്യത്തെക്കുറിച്ച് പറയുന്നിടത്താണ് ഈ വരികള്‍. മസ്തിഷ്കാഘാതത്താല്‍ ജീവിതം തകര്‍ന്നുപോയ അവസ്ഥയിലാണ് ഇന്ന് അശ്റഫ്. ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട് ബോധാബോധത്തിന്റെ നൂല്‍പ്പാലത്തില്‍ ആരെയും തിരിച്ചറിയാനാവാതെ അശ്റഫ് മെഡിക്കല്‍കോളേജില്‍ കിടക്കുന്നു.
'ആളില്ലാത്തവര്‍ക്ക് അല്ലാഹു തുണ' എന്ന് ഉമ്മ നെടുവീര്‍പ്പിട്ട് പറഞ്ഞുകൊടുത്ത കഥയിലെ കരുണാമയനായ അല്ലാഹു സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും രൂപത്തില്‍ അശ്റഫിന് ചുറ്റും തള്ളപ്പക്ഷി കുഞ്ഞുങ്ങളെയെന്നപോലെ ചിറകുവിടര്‍ത്തുന്നത് കാണുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞുപോവുന്നു. മതത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ മനുഷ്യനെ വേര്‍തിരിച്ചുനിര്‍ത്താന്‍ കഴിയില്ലെന്ന മധുരസാക്ഷ്യമാണ് അശ്രഫിനായി സുഹൃത്തുക്കള്‍ ഒരുക്കിയ 'സ്നേഹാലയം'.
കാടാച്ചിറ ആഡൂര് പാലത്തിന് സമീപം ഞായറാഴ്ച ഒരു വീടിന്റെ പാലുകാച്ചലാണ്. മനോഹരമായ വീട്. എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. പക്ഷേ, ആരും സമ്മാനമായി ഒന്നും കൊണ്ടുവരേണ്ടെന്നും പറഞ്ഞിട്ടുണ്ട്. ചെറിയ സ്പൂണ്മുതല് ഫ്രിഡ്ജ് വരെ എല്ലാം ആ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. 'കഥവീട്' എന്നാണ് പേര്. മനസ്സില്‍ ചിന്തയുടെയും നൊമ്പരത്തിന്റെയും തീപ്പൊട്ടും കൊടുംതണുപ്പും പടര്‍ത്തിയ നിരവധി കഥകളെഴുതിയ അശ്റഫ് ആഡൂരിന് സ്നേഹിതര്‍ പണിതുകൊടുത്ത വീട്.
അശ്റഫ് ഇതുവരെ എഴുതിയ കഥയേക്കാള്‍ മനോഹരമായ കഥയാണ് 'കഥവീട്' എന്ന ജീവിതം. സാമാന്യവിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന അശ്റഫ് വാര്‍പ്പു തൊഴിലാളിയായാണ് ജീവിതം തുടങ്ങിയത്. കടുത്ത ദാരിദ്ര്യം. അപ്പോഴും അദ്ദേഹം കഥകള്‍ എഴുതി. ഓരോന്നും മനോഹരമായ കഥകള്‍. പിന്നീട് മറ്റുപല ജോലികള്‍ എടുത്തു. ഒടുവില്‍ സ്വന്തം കഴിവുകൊണ്ട് കണ്ണൂര്‍ സിറ്റി ചാനലിലെ റിപ്പോര്‍ട്ടറായി. അപ്പോഴേക്കും നാല് കഥാസമാഹാരങ്ങള്‍ അശ്റഫ് എഴുതി. നിരവധി പുരസ്കാരങ്ങള്‍ നേടി. ദൃശ്യമാധ്യമരംഗത്തും അദ്ദേഹം അവാര്‍ഡുകള്‍ നേടി.
ഇളംകാറ്റുപോലെ ചിരിയുതിര്‍ക്കുന്ന പെരുമാറ്റമായിരുന്നു അശ്റഫിന്റേത്. അശ്റഫിന്റെ ഏറ്റവും വലിയ സമ്പാദ്യം സുഹൃത്തുക്കള്‍ ആയിരുന്നു. ഒരുനാള്‍ അശ്റഫ് കുഴഞ്ഞുവീണു. തലച്ചോറില്‍ തളര്‍ച്ച. പിന്നെ അദ്ദേഹം സ്വബോധത്തിലേക്ക് ശരിക്കും വന്നിട്ടില്ല. ചലനശേഷി നഷ്ടപ്പെട്ടു. പക്ഷേ, ആരുമില്ലാത്ത അശ്റഫിനെയും കുടുംബത്തെയും സഹായിക്കാന്‍ കൂട്ടായ്മയുടെ കൈകള്‍ ഉയര്‍ന്നു. എഴുത്തുകാരനായ ഇയ്യ വളപട്ടണം കണ്‍വീനറും കെ.പി. സുധാകരന് ചെയര്‍മാനുമായ കമ്മിറ്റി രൂപംകൊണ്ടു. മാധ്യമ പ്രവര്‍ത്തകനായ പി.എസ്. വിനോദിനെപ്പോലുള്ളവര്‍ രാവും പകലും ആ വീടുയര്‍ത്താന്‍ വിയര്‍പ്പൊഴുക്കുന്നത് കണ്ടു. ഇതാണ് സൗഹൃദം എന്ന് ലോകത്തോട് വിളിച്ചുപറയുകയായിരുന്നു.
അശ്റഫിന്റെ കഥകള്‍ വായിച്ച അജ്ഞാതര്‍, അറിയുന്നവര്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എല്ലാം ഒന്നിച്ചുനിന്നു. ചികിത്സ മാത്രമല്ല സ്വന്തമായി താമസിക്കാന്‍ വീട്, തുടര്‍ചികിത്സയ്ക്കുള്ള സഹായം, ബാങ്ക് നിക്ഷേപം, കുട്ടികളുടെ വിദ്യാഭ്യാസം ഒക്കെ നല്കാന് അവര്‍ തയ്യാറായി. വീടിനായി പണം വാങ്ങാതെ ഒരു ചാക്ക് സിമന്റ് നല്കിയവര് മുതല്‍ പേരു വെളിപ്പെടുത്താതെ രണ്ടു ലക്ഷം രൂപ സംഭാവനചെയ്തവര്ക്ക് മുന്നില്‍വരെ ഒന്നുമാത്രമേയുള്ളൂ. നന്മനിറഞ്ഞ സ്നേഹം. പലരും ആ വീട് പൂര്‍ത്തിയാകുന്നതിനിടെ അവിടെ സന്ദര്‍ശിച്ചു. വലിയവരും ചെറിയവരും.
അവര്‍ക്കറിയാമായിരുന്നു അശ്റഫിന്റെ തൂലികയില്‍നിന്ന് ചാടിയിറങ്ങി ഹൃദയത്തില്‍ കയറിക്കൂടിയ കഥാപാത്രങ്ങളെ...
കണ്ണൂരില്‍ നിര്‍മിക്കപ്പെട്ട ആ വീട് ഒരേസമയം ചോദ്യവും ഉത്തരവുമാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഒരിക്കല്‍ നേരില്‍ കാണുകപോലും ചെയ്യാത്ത മനുഷ്യരുടെ ചങ്കില് അര്‍ധരാത്രിയിലും പട്ടാപ്പകലും കത്തി കുത്തിയിറക്കുന്നതില്‍ രുധിരലഹരി നുരയുന്ന വര്‍ത്തമാനത്തില്‍ ഇതാ ഇതുകൂടി കാണൂ എന്നുപറയാന്‍ സ്നേഹത്തിന്റെ വീട്. സൗഹൃദത്തിന്റെയും ത്യാഗത്തിന്റെയും സ്മാരകം.
അശ്റഫ് ഒരിക്കല്‍ എഴുതി 'എഴുത്തിനു മുന്നില്‍ ഞാന്‍ ഒറ്റയ്ക്കാണ്. വീടുറങ്ങുമ്പോഴാണ് ഞാനുണരുക. എഴുത്തിന്റെ ഭാരം ആരും അറിയരുതെന്ന് എനിക്കാഗ്രഹമുണ്ട്'.
ഇതാ ഈ 'കഥവീട്' ഉണര്‍ന്നുകഴിഞ്ഞു. പ്രിയപ്പെട്ട അശ്റഫ്, നിങ്ങള്‍ ഉണര്‍ന്ന് വീണ്ടും കഥയെഴുതുന്നത് കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. കാത്തിരിക്കുന്നു...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..