കോഴിക്കോട്:  പ്രവാസലോകത്തെ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി കെ.യു. ഇഖ്ബാല്‍(58) ജിദ്ദയില്‍ അന്തരിച്ചു. കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. 2011-ല്‍ പുറത്തിറങ്ങിയ കമല്‍ സംവിധാനം ചെയ്ത 'ഗദ്ദാമ' എന്ന സിനിമയുടെ കഥാകൃത്താണ്. പ്രവാസത്തിന്റെ കഥാകാരനായിരുന്നു കെ.യു. ഇഖ്ബാല്‍. ഗള്‍ഫ് നാടുകളിലെ കണ്ണീരിന്റെയും കിനാക്കളുടെയും നേര്‍ക്കാഴ്ചകള്‍ അദ്ദേഹം മനോഹരമായി വായനക്കാരിലെത്തിച്ചു. ഓര്‍മകളുടെ പൂമരവുമായിരുന്നു അദ്ദേഹം. കേരളത്തിലെ സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യങ്ങള്‍ ആയിരുന്നവരുമായുള്ള സൗഹൃദം ഇഖ്ബാലിന്റെ രചനകളായി. അവരുടെ ജീവിതം അങ്ങനെ ലോകമറിഞ്ഞു.

മനോഹരമായ ഭാഷയില്‍ ഇഖ്ബാല്‍ എഴുതിയ ഫീച്ചറുകള്‍ ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ ഇടംപിടിച്ചു. മാതൃഭൂമി വാരാന്തപ്പതിപ്പിലും മാതൃഭൂമിയുടെ ഗള്‍ഫ് ഫീച്ചറിലും വന്ന സൃഷ്ടികളിലൂടെ ഇഖ്ബാല്‍ വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനായി. സൗദിയില്‍ മാധ്യമപ്രവര്‍ത്തകനായിരിക്കുമ്പോഴും അവധിക്ക് നാട്ടിലെത്തുമ്പോള്‍ സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലുള്ളവരെ സന്ദര്‍ശിച്ച് സൗഹൃദം പുതുക്കാന്‍ അദ്ദേഹം മറന്നില്ല. മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന ഇഖ്ബാലിന്റെ 'കണ്ണും കാതും' എന്ന പംക്തി ഏറെ ശ്രദ്ധേയമായിരുന്നു.

'ഞാന്‍ ജീവിച്ചിരിക്കുന്നുവെന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്താന്‍ കണ്ണും കാതും എന്ന കോളം വഹിച്ച പങ്ക് എത്ര വലുതാണെന്ന് തിരിച്ചറിയുമ്പോഴാണ് മാതൃഭൂമിയോടും വായനക്കാരോടുമുള്ള എന്റെ സ്നേഹംനിറഞ്ഞ കടപ്പാട് ആകാശത്തോളമെത്തുന്നത്''- പംക്തി നൂറുലക്കം പിന്നിട്ടപ്പോള്‍ ഇഖ്ബാല്‍ ഇങ്ങനെയെഴുതി.

സൗദിയില്‍ ജോലിക്കായി പോയ ഒരു സ്ത്രീയുടെ ജീവിതം സംബന്ധിച്ച് ഇഖ്ബാല്‍ 'ഗദ്ദാമ' എന്ന പേരിലെഴുതിയ ലേഖനമാണ് പിന്നീട് അതേ പേരിലുള്ള സിനിമയ്ക്കു പ്രേരണയായതെന്ന് സിനിമയുടെ തിരക്കഥാകൃത്തായ ഗിരീഷ്‌കുമാര്‍ ഓര്‍ക്കുന്നു.മറഞ്ഞുപോയ അനേകംപേരുടെ ജീവിതത്തെ ഓര്‍മയുടെ അരങ്ങിലേക്കു കൊണ്ടുവന്ന ശേഷമാണ് ഇഖ്ബാല്‍ യാത്രയാവുന്നത്. ആ എഴുത്തുകള്‍ ഇഖ്ബാലിന്റെ അടയാളമായി ഇവിടെ ശേഷിക്കും.

Content Highlights : homage to writer columnist K.U Iqbal