തെലുങ്കാന സാഹിത്യകാരൻ കാരാ മാസ്റ്റർക്ക് ഇന്ത്യൻ സാഹിത്യലോകം ആദരാഞ്ജലികൾ അർപ്പിച്ചു. കാളിപട്ടണം രാമറാവു എന്ന കാരാ മാസ്റ്റർ ജൂൺ അഞ്ചിനാണ് സ്വവസതിയായ ശ്രീകാക്കുളത്ത് അന്തരിച്ചത്. അറുപത് വർഷക്കാലം തെലുങ്ക് സാഹിത്യത്തിലെ നിറസാന്നിധ്യമായിരുന്നു. തൊണ്ണൂറ്റിയേഴ് വയസ്സായിരുന്നു. വാർധക്യസഹജമായ പ്രയാസങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം.

തെലുങ്കുസാഹിത്യത്തിൽ നിരവധി കഥകളും നോവലുകളും എഴുതിയ കാരായെ സാഹിത്യഅക്കാദമി പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

1924 നവംബർ ഒമ്പതിനാണ് ശ്രീകാക്കുളത്ത് കാരാ ജനിച്ചത്. വിശാഖപട്ടണം സെന്റ് ആന്റണീസ് യു.പി സ്കൂളിലെ അധ്യാപകനായി ദീർഘകാലം സേവനമനുഷ്ഠിച്ചു. സമൂഹത്തിലെ ഇടത്തട്ടിലുള്ളവരെയും താഴെക്കിടയിലുള്ളവരെയും പ്രചോദിപ്പിക്കുന്ന കഥകളിലൂടെ അധ്വാനിക്കുന്നവന്റെ വിജയഗാഥയായിരുന്നു കാരാ മാസ്റ്ററുടെ പ്രമേയങ്ങളുടെ അടിസ്ഥാനം. ആദ്യത്തെ കഥയായ 'ചിത്രഗുപ്ത' എഴുതിയതിനുശേഷം താനത്ര മെച്ചപ്പെട്ട എഴുത്തുകാരനല്ല എന്ന് സ്വയം വിലയിരുത്തിയ കാര പിന്നീട് എട്ടുവർഷക്കാലം എഴുത്തിലേക്ക് ശ്രദ്ധകൊടുത്തില്ല. എത്ര മാറ്റിനിർത്തിയാലും എഴുത്ത് തന്നെ വിട്ടുപോകില്ല എന്നു മനസ്സിലാക്കിയ കാര വീണ്ടും കഥകളോട് സമരസപ്പെടുകയായിരുന്നു. 1963-ൽ എഴുതിയ 'തീർപ്പ്' എന്ന കഥ തെലുങ്ക് സാഹിത്യത്തിലെ നാഴികക്കല്ലായി മാറി. തുടർന്ന് കഥകളിലൂടെയായിരുന്നു കാരയുടെ ജീവിതം.

തെലുങ്കുസാഹിത്യത്തെ പരിപോഷിപ്പിക്കുവാനും ക്ലാസിക് കൃതികൾ സംരക്ഷിക്കപ്പെടാനും വേണ്ടി കാരാ മാസ്റ്റർ 1997-ൽ കഥാനിലയം എന്ന പേരിൽ ഒരു ഗ്രന്ഥാലയവും ഗവേഷണകേന്ദ്രവും സ്ഥാപിച്ചു. തെലുങ്ക് സാഹിത്യത്തിന്റെ സ്രോതകേന്ദ്രമായി ഇന്ന് കഥാനിലയം അറിയപ്പെടുന്നു. കാരാ മാസ്റ്ററുടെ വിയോഗത്തിൽ ലോക് സഭാ നേതാക്കളടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി.

Content Highlights :Homage to KaRa Master in Thelegu literature