പ്രശസ്ത ഇന്ത്യന്‍ നൃത്തചരിത്രകാരനും പണ്ഡിതനും നിരൂപകനുമായിരുന്ന ഡോ. സുനില്‍ കോത്താരി ഓര്‍മയായിട്ട് ഡിസംബര്‍ 27-ന് ഒരുവര്‍ഷം തികയുകയാണ്. അദ്ദേഹവുമായി അത്മസൗഹൃദമുണ്ടായിരുന്ന മലയാളിയായ മാര്‍ഗ് പബ്ലിക്കേഷനിലെ ചീഫ് എക്സിക്യുട്ടീവ് മുന്‍ മാനേജര്‍ ശശി നമ്പ്യാര്‍.കെ.പി. അദ്ദേഹത്തെ ഓര്‍ക്കുന്നു.

സ്വതന്ത്ര ഇന്ത്യ കണ്ട നൃത്തനിരൂപകരില്‍ സമുന്നതനായിരുന്നു ചരിത്രകാരനും നൃത്തപണ്ഡിതനുമായ ഡോ. സുനില്‍ കോത്താരി. ഭരതനാട്യം, കഥക്, കുച്ചിപ്പുഡി, സത്രിയ, ചൗ, സമകാലീന നൃത്തം തുടങ്ങിയ കലാരൂപങ്ങളില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്നു. രുക്മിണി ദേവി അരുണ്‍ഡേല്‍, ഉദയ് ശങ്കര്‍ തുടങ്ങിയ വ്യക്തികളെക്കുറിച്ചുള്ള രണ്ടുഡസനോളം പുസ്തകങ്ങളും സുനില്‍ കോത്താരിയുടെതായി പുറത്തെത്തിയിട്ടുണ്ട്.

ബറോഡ സര്‍വകലാശാലയില്‍നിന്നു പിഎച്ച്.ഡി. നേടിയ അദ്ദേഹം കൊല്‍ക്കത്തയിലെ വിശ്വഭാരതി സര്‍വകലാശാലയിലും ജെ.എന്‍.യു.വിലും പ്രവര്‍ത്തിച്ചു. പദ്മശ്രീ ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. മുംബൈയിലെ ലോവര്‍ പരേലിലെ താഴ്ന്ന ഇടത്തരക്കാരുടെ പ്രദേശമായ ഭോയിവാഡയില്‍ ജനിച്ച അദ്ദേഹത്തിന് മാര്‍ഗിന്റെ ആദ്യ പത്രാധിപരായിരുന്ന മുല്‍ക്ക് രാജ് ആനന്ദിനെ കണ്ടുമുട്ടുക എന്നത് വലിയ ആഗ്രഹമായിരുന്നു. മുല്‍ക്ക് രാജിനെ കണ്ടുമുട്ടി സംസാരിക്കുന്നതോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ മാറ്റം ഉണ്ടാവുന്നത്. സുനിലിന്റെ നൃത്തത്തോടുള്ള താത്പര്യം നിരീക്ഷിച്ച് മാര്‍ഗില്‍ എഴുതാന്‍ മുല്‍ക്ക് നിര്‍ദേശിച്ചു. അതോടൊപ്പം, ചില നൃത്തരീതികള്‍ പഠിക്കേണ്ടതുണ്ടെന്നു മാത്രമല്ല, അക്കാദമികമായി അത് പിന്തുടരേണ്ടതുണ്ടെന്നും അദ്ദേഹം സുനിലിനെ ഓര്‍മിപ്പിച്ചു. ഇതിനിടയില്‍ ശ്യാം ലാലിന്റെ പത്രാധിപത്യത്തില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ നൃത്തനിരൂപകനായി.

മുംബൈ സിഡ്നം കോളേജില്‍ ലക്ചറായി ഒരു പകല്‍ജോലിയും അദ്ദേഹത്തിനുണ്ടായിരുന്നു. നിരവധി നൃത്ത ഫെസ്റ്റിവലുകളുടെ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോത്താരിയെ ഞാന്‍ പരിചയപ്പെടുന്നത് 1979-ലാണ്. മുല്‍ക്ക് രാജ് ആനന്ദിന്റെ നിര്‍ദേശപ്രകാരമാണ് ഭരതനാട്യത്തെപ്പറ്റിയുള്ള പുസ്തകത്തിന്റെ ഗസ്റ്റ് എഡിറ്ററാകാന്‍ സുനില്‍ കോത്താരിയെ സമീപിക്കുന്നത്. വളരെയധികം ഗവേഷണം നടത്തി പ്രസിദ്ധീകരിച്ച പുസ്തകം ഏറെ പ്രസിദ്ധവും ജനശ്രദ്ധ നേടിയവയുമായിരുന്നു. ആ പുസ്തകം ലോകം മുഴുവന്‍ ഭരതനാട്യത്തെ എത്തിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. ചൗ, സാത്രിയ, മണിപ്പൂരി നൃത്തരൂപങ്ങളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പുസ്തകവും മാര്‍ഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നൃത്തത്തെപ്പറ്റിയുള്ള വിവിധ പഠനങ്ങളും നൃത്തരംഗത്തെ പ്രമുഖരുടെ ലേഖനസമാഹാരങ്ങളും സുനില്‍ കോത്താരിയുടെതായി പുറത്തെത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ ജീവവായു തന്നെ നൃത്തമായിരുന്നു. പ്രതിഫലേച്ചയില്ലാത്ത നിസ്സ്വാര്‍ഥ സേവകന്‍. ജീവിതത്തെ നൃത്തത്തില്‍ ലയിപ്പിച്ച ആ പ്രതിഭ ചിലങ്കകള്‍ അഴിച്ചുവെച്ച് കടന്നുപോയിട്ട് ഒരുവര്‍ഷമാകുന്നു. ആ മഹാപ്രതിഭയോട് എനിക്ക് തീരാത്ത കടപ്പാടുണ്ട്.

Content Highlights : homage to dr sunil kothari