കൊല്ലം : രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച പ്രശസ്ത പുരാവസ്തു ഗവേഷകന്‍ കെ.കെ.മുഹമ്മദിന്റെ ഞാനെന്ന ഭാരതീയന്‍ എന്ന പുസ്തകം മറ്റ് ഇന്ത്യന്‍ ഭാഷകളിലും ഹിറ്റാവുന്നു. മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ ഈ ഗന്ഥം മലയാളത്തില്‍ ഇതിനകം അഞ്ചുപതിപ്പുകളായി. കന്നഡയില്‍ പുസ്തകം രണ്ടാംപതിപ്പിലേക്ക് കടന്നു.
ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും പുറത്തിറങ്ങിയ പുസ്തകത്തിന്റെ മറാഠി പതിപ്പാണ് ഇപ്പോള്‍ പണിപ്പുരയില്‍. അധികം വൈകാതെ ഗ്രന്ഥകാരന്‍തന്നെ തയ്യാറാക്കുന്ന ഇംഗ്‌ളീഷ് പതിപ്പും പുറത്തിറങ്ങും. ഗുജറാത്തി, ബംഗാളി ഭാഷകളും പരിഭാഷ ചെയ്യാന്‍ തുടങ്ങി. ഈ ആത്മകഥ കേരളീയര്‍ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും വായിക്കേണ്ടതാണ് എന്ന ഹമീദ് ചേന്നമംഗലൂരിന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാവുകയാണ് ഈ ബഹുഭാഷാ പരിഭാഷകളിലൂടെ.

ഹിന്ദിയില്‍ മേ ഹൂം ഭാരതീയ എന്നായിരുന്നു പേര്. കന്നഡയില്‍ നേനു എമ്പ ഭാരതീയ. തെലുങ്കില്‍ നേനു ഭാരതീയുഡിനി. മറാഠിയില്‍ പേരിട്ടിട്ടില്ല. മലയാളം പുസ്തകത്തിന്റേതൊഴികെ ഈ പുസ്തകം വിറ്റുകിട്ടുന്ന പണം ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. മലയാളത്തില്‍ അനീഷ് കുട്ടനായിരുന്നു ഈ ഗന്ഥം തയ്യാറാക്കിയത്. ആത്മകഥയ്ക്കപ്പുറം ഭാരതത്തിന്റെ സമ്പന്നമായ പുരാവസ്തുലോകത്തിന്റെയും സാംസ്‌കാരികധാരയുടെയും ഉള്‍ക്കാഴ്ചകൂടി നല്‍കുന്ന പുസ്തകം ബാബ്റി മസ്ജിദുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ചര്‍ച്ചാവിഷയമായിരുന്നു.
അയോധ്യയിലെ തര്‍ക്കമന്ദിരത്തിന്റെ പന്ത്രണ്ടോളം തൂണുകളുടെ താഴ്ഭാഗത്ത് എ.ഡി. 11-12 കാലഘട്ടങ്ങളിലെ ക്ഷേത്രങ്ങളില്‍ കണ്ടുവരാറുള്ള 'പൂര്‍ണ കലശം' കൊത്തിവച്ചിട്ടുണ്ടെന്നും അവിടെ ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് തെളിവുണ്ടെന്നും അദ്ദേഹം ആത്മകഥയില്‍ പറഞ്ഞിരുന്നു.
Content Highlights: Historian KK Muhammed Book Hindi edition