മലയാളത്തിന്റെ വളര്‍ച്ചയില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ രേഖാശേഖരങ്ങളും പുസ്തകശേഖരവും മറ്റുമടങ്ങിയ വിപുലമായ ഗുണ്ടര്‍ട്ട് പോര്‍ട്ടല്‍ ചൊവ്വാഴ്ച വൈജ്ഞാനിക ലോകത്തിന് സമര്‍പ്പിക്കുന്നു. ജര്‍മനിയിലെ ടൂബിങ്ങന്‍ സര്‍വകലാശാലയിലെ ചരിത്രപ്രസിദ്ധമായ റീഡിങ് റൂമില്‍ ചൊവ്വാഴ്ച 4.15-നാണ് പോര്‍ട്ടല്‍ ഉദ്ഘാടനം.
25 വര്‍ഷത്തോളം കേരളത്തില്‍ താമസിച്ച് മലയാളം പഠിച്ച്, മലയാളത്തിന് നിഘണ്ടുവും വ്യാകരണവുമൊക്കെ രചിച്ച ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 1859-ല്‍ ജര്‍മനിയിലേക്ക് മടങ്ങുമ്പോള്‍ നിരവധി താളിയോലകളും പുസ്തകങ്ങളും കൈയെഴുത്ത് രേഖകളുമൊക്കെ കൂടെ കൊണ്ടുപോയിരുന്നു. ഗുണ്ടര്‍ട്ടിന്റെ കാലശേഷം ഇവ ടൂബിങ്ങന്‍ സര്‍വകലാശാലയില്‍ സൂക്ഷിച്ചിരിക്കയായിരുന്നു. മലയാളഭാഷയുടെയും കേരള ചരിത്രത്തിന്റെയും ഒട്ടേറെ ഇരുള്‍മൂലകളിലേക്ക് വെളിച്ചം പായിക്കുന്ന വിജ്ഞാനശേഖരമാണിത്.
ആധികാരിക ഭാഷാസാഹിത്യ ചരിത്രകാരനായ മഹാകവി ഉള്ളൂര്‍ പോലും കണ്ടെത്താതിരുന്ന നിരവധി പ്രാചീനഗ്രന്ഥങ്ങളും രേഖാശേഖരങ്ങളും ഇക്കൂട്ടത്തിലുണ്ട്. 1980-കളില്‍ ഡോ. സ്‌കറിയ സക്കറിയയാണ് ടൂബിങ്ങന്‍ സര്‍വകലാശാലയില്‍ ഗുണ്ടര്‍ട്ടിന്റെ രേഖാശേഖരം കണ്ടെത്തിയതും അതിന്റെ പ്രാധാന്യം ലോകത്തെ അറിയിച്ചതും. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളം മാനുസ്‌ക്രിപ്റ്റ് സീരീസ് എന്ന പേരില്‍ പയ്യന്നൂര്‍ പാട്ട്, തച്ചോളിപ്പാട്ടുകള്‍, ജ്ഞാനപ്പാന, അഞ്ചടി, ഓണപ്പാട്ടുകള്‍, പഴശ്ശിരേഖകള്‍, തലശ്ശേരി രേഖകള്‍ തുടങ്ങി ഏതാനും കൃതികള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
പ്രാചീന മലയാളഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് പൊതുസഞ്ചയത്തിലാക്കി പ്രസിദ്ധീകരിക്കുന്ന സന്നദ്ധപ്രവര്‍ത്തകനായ ഷിജു അലക്സ് ടൂബിങ്ങന്‍ സര്‍വകലാശാലാ ലൈബ്രറി അധികൃതരുമായി നടത്തിയ നിരന്തര ചര്‍ച്ചകളുടെ ഫലമായാണ് പ്രധാനമായും ഈ രേഖാശേഖരം ടൂബിങ്ങന്‍ സര്‍വകലാശാല തന്നെ ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്ന ഗുണ്ടര്‍ട്ട് ലെഗസി പദ്ധതിക്ക് 2103-ല്‍ തുടക്കമിട്ടത്.
ഗുണ്ടര്‍ട്ട് ലെഗസി പദ്ധതിയില്‍ അമ്പതിനായിരത്തോളം പേജുകള്‍ വരുന്ന അതിവിപുലമായ രേഖാശേഖരമാണ് ഡിജിറ്റൈസ് ചെയ്തിട്ടുള്ളത്. മലയാളത്തിനു പുറമെ, തമിഴ്, തുളു, സംസ്‌കൃതം, കന്നഡ എന്നീ ഭാഷാ-സംസ്‌കാര പഠനങ്ങള്‍ക്ക് സഹായമാകുന്ന നിരവധി അമൂല്യ രേഖകളും അടങ്ങുന്ന അതിവിപുലമായ ജ്ഞാനശേഖരമാണ് ഗുണ്ടര്‍ട്ട് പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
പ്രാചീന രേഖകളുടെ ഒറിജിനല്‍ സ്‌കാന്‍, പഠനങ്ങള്‍ക്കും ഡൗണ്‍ലോഡിനും കൂടുതല്‍ സഹായകമായ ക്ലീന്‍ സ്‌കാന്‍/പി.ഡി.എഫ്. എന്നിവയ്ക്കു പുറമേ പതിനായിരക്കണക്കിന് പേജുകളോളം യൂണികോഡിലേക്ക് മാറ്റി സെര്‍ച്ച് ചെയ്യാവുന്ന വിധത്തിലാക്കിയ വിജ്ഞാനസഞ്ചയമായ ഗുണ്ടര്‍ട്ട് പോര്‍ട്ടല്‍ കേരള പഠനങ്ങള്‍ക്ക് വിലമതിക്കാനാവാത്ത മുതല്‍ക്കൂട്ടായിരിക്കും.
ടൂബിങ്ങന്‍ സര്‍വകലാശാലയിലെ ഇന്‍ഡോളജി പ്രൊഫസര്‍ ഹൈക്കെ ഒബെര്‍ലിന്‍, പ്രശസ്ത ഇന്‍ഡോളജിസ്റ്റും കേരള പഠനമേഖലയില്‍ വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ മുതിര്‍ന്ന ഗവേഷകന്‍ ആല്‍ബ്രഷ്ട് ഫ്രെന്‍സ്, തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ പ്രൊഫ. എം. ശ്രീനാഥന്‍ തുടങ്ങിയവര്‍ പോര്‍ട്ടല്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.
Content Highlights: Hermann Gundert, Gundert-Portal, tubingen university, malayalam books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..