1999 ജൂലൈ 26ന് പാകിസ്താന്‍ സൈന്യം തൊടുത്തുവിട്ട ഒരു ഷെല്ലാണ് ദേവേന്ദര്‍ പാല്‍ സിങ് എന്ന സൈനികന്റെ ജീവിതം മാറ്റിമറിച്ചത്. ആ ആക്രമണത്തില്‍ അദ്ദേഹത്തിന് വലത് കാല്‍ നഷ്ടമായി. തോറ്റുകൊടുക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. കൃത്രിമ കാലില്‍ ജീവിതത്തോട് പോരാടിയ ദേവേന്ദര്‍ പാല്‍ സിങിന്റെ ജീവിതം ഗ്രാഫിക് നോവലായി. 

'ഗ്രിറ്റ് :ദി മേജര്‍ സ്‌റ്റോറി' എന്ന പുസ്തകം ദേവേന്ദര്‍ പാല്‍ സിങിന്റെ പോരാട്ടത്തിന്റെ കഥയാണ്. എളിയ സാഹചര്യത്തില്‍ നിന്ന് വളര്‍ന്ന് വന്നയാളാണ് ദേവേന്ദര്‍. സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹത്തിന് കാര്‍ഗില്‍ യുദ്ധത്തെ തുടര്‍ന്ന് കാല്‍ നഷ്ടമായെങ്കിലും ജീവിതത്തിലേയ്ക്ക് ശക്തമായി മടങ്ങിയെത്തി. ഇന്ത്യയുടെ ആദ്യ ബ്ലേഡ് റണ്ണറായാണ് അറിയപ്പെടുന്ന ദേവേന്ദറിന്റെ പേരിലാണ് ഭിന്നശേഷിയുള്ള ആദ്യ ഇന്ത്യന്‍ സോളോ സ്‌കൂബാ ഡൈവര്‍ എന്ന ലിംകാ ബുക്‌സ് ഓഫ് റെക്കോഡ്.

ദേവേന്ദര്‍ പാല്‍ സിങിന്റെ കുട്ടിക്കാലം മുതല്‍ അദ്ദേഹത്തിന് ഭിന്നശേഷേയുള്ളവരുടെ ശാക്തീകരണത്തിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത് വരെയുള്ള കാലഘട്ടമാണ് പുസ്തകം പറയുന്നത്. കരസേന മേധാവി ബിബിന്‍ റാവത്താണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. രാഷ്ട്രത്തിന്റെയും സൈന്യത്തിന്റെയും അഭിമാനം ഉയര്‍ത്തിയ യഥാര്‍ത്ഥ സൈനികന്‍ എന്നാണ് ബിബിന്‍ റാവത്ത് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 

അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വി. ആര്‍. ഫെറോസ്, ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചിത്രകാരനും ഡിസൈനറുമായ ശ്രീറാം ജഗന്നാഥന്‍ എന്നിവരാണ് ദേവേന്ദര്‍ പാല്‍ സിങ്ങിന്റെ പുസ്തകത്തിനായി പ്രവര്‍ത്തിച്ചത്.

Content HIghlights: Graphic novel on Devender Pal Singh, A soldier disabled in Kargil war launched