രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ച് എണ്ണമറ്റ പുസ്തകങ്ങള്‍ വിവിധ ലോകഭാഷകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാലിപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതകഥ ചിത്രകഥാരൂപത്തില്‍ പ്രസിദ്ധീകരിക്കുകയാണ്. മഹാത്മാഗാന്ധി 1929 സ്ഥാപിച്ച നവജീവന്‍ട്രസ്റ്റാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

അമര്‍ ചിത്രകഥയ്ക്ക് സമാനമായ രീതിയിലായിരിക്കും പുസ്തകം പുറത്തിറക്കുകയെന്നും ലളിതവായന ആഗ്രഹിക്കുന്ന യുവ തലമുറയെ ഇത് ആകര്‍ഷിക്കുമെന്നും ട്രസ്റ്റ് ഡിജിറ്റല്‍ ആന്റ് പ്രിന്റ് കണ്‍സള്‍ട്ടന്റ് അപൂര്‍വ അസ്ഹര്‍ പറഞ്ഞു. ആധികാരികതയ്ക്കായി ഗാന്ധിയുടെ വാക്കുകള്‍ അതേപോലെതന്നെയാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഇംഗ്ലീഷ്, ഗുജറാത്തി എന്നീ ഭാഷകളില്‍ പുസ്തകം പുറത്തിറക്കാനാണ് പ്രസാധകര്‍ ആലോചിക്കുന്നത്. വരുന്ന ഗാന്ധിജയന്തി ദിനത്തില്‍ പുസ്തകപ്രകാശനം നടത്താന്‍ സാധിക്കുമെന്നും പ്രസാധകര്‍ പ്രതീക്ഷിക്കുന്നു. അതിനെ തുടര്‍ന്ന് പുസ്തകത്തിന്റെ ഹിന്ദി പതിപ്പ് പുറത്തിറക്കാനും പ്രസാധകര്‍ക്ക് പദ്ധതിയുണ്ട്.

ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി എന്നീഭാഷകളിലായി എണ്ണൂറോളം പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുള്ള പ്രസാധകര്‍ കഴിഞ്ഞ ഒരു വര്‍ഷമായി ചിത്രകഥയുടെ പണിപ്പുരയിലായിരുന്നു.