തൊട്ടുകൂടായ്മയ്‌ക്കെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മഹാത്മാഗാന്ധി എഴുതിയ കത്ത് ലേലത്തിന്. തൊട്ടുകൂടായ്മയ്‌ക്കെതിരേ രൂപവത്കൃതമായ ഹരിജന്‍ സേവക് സംഘ് എന്ന സംഘടനയുടെ പ്രവര്‍ത്തനത്തിനാവശ്യമായ പണം കണ്ടെത്തുന്നതിനായി 1932 ഒക്ടോബര്‍ ഒമ്പതിന് ഗാന്ധിജി എഴുതിയ കത്താണ് ഓണ്‍ലൈനില്‍ ലേലത്തിനെത്തിയത്. 

ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍.ആര്‍. എന്ന കമ്പനിയാണ് കത്ത് ലേലത്തിനുെവച്ചത്. കത്തിന് 11.52 ലക്ഷം രൂപ (15,000 യു.എസ്. ഡോളര്‍ ) ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എം.കെ. ഗാന്ധി എന്ന ഒപ്പോടുകൂടി ഗാന്ധിജിയുടെ കൈപ്പടയിലുള്ളതാണ് ഒറ്റപ്പേജുള്ള കത്ത്.

'പ്രിയസുഹൃത്തുക്കളേ, നിങ്ങളുടെ സഹാനുഭൂതിക്ക് നന്ദി. തൊട്ടുകൂടായ്മയ്‌ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാനുള്ള ധനസഹായം ജെ.ഡി. ബിര്‍ലയുടെ നേതൃത്വത്തിലുള്ള സംഘടനയിലേക്ക് അയക്കാം' -കത്തില്‍ ഗാന്ധിജി ഇങ്ങനെ കുറിച്ചു.  

1932-ല്‍ ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ ഭാഗമായ തൊട്ടുകൂടായ്മ ഉന്മൂലനംചെയ്യുന്നതിനായി ഗാന്ധിജി ഹരിജന്‍ സേവക് സംഘത്തിന് രൂപംനല്‍കുകയായിരുന്നു. ഗാന്ധിജിയുടെ ഉറ്റസുഹൃത്തും വ്യവസായിയുമായ ഗ്യാന്‍ശ്യാം ദാസ് ബിര്‍ലയ്ക്കായിരുന്നു സംഘടനയുടെ നേതൃത്വം.  താഴ്ന്നജാതിയില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രങ്ങള്‍, സ്‌കൂളുകള്‍, റോഡുകള്‍, ജലസ്രോതസ്സുകള്‍ എന്നിവിടങ്ങളില്‍ പ്രവേശനം ഉറപ്പുവരുത്താന്‍ സംഘടനയുടെ ശ്രമങ്ങള്‍ സഹായിച്ചിട്ടുണ്ട്.  ഓട്ടോഗ്രാഫുകളും കരകൗശലവസ്തുക്കളും ഉള്‍പ്പെടുന്ന ലേലം മേയ് 13-ന് അവസാനിക്കും.

Content Highlights: Gandhi's Letter on Anti-Untouchability from 1932 to Be Up For Auction to Raise Funds