ഗാന്ധി കണ്ണദാസന്‍
ഗാന്ധി കണ്ണദാസന്‍

ചെന്നൈ: മലയാള സിനിമയുടെ മദിരാശിക്കാലത്താണ് കവി വയലാര്‍ രാമവര്‍മയും തമിഴ് കവി കണ്ണദാസനും സുഹൃത്തുക്കളായത്. ഇരുവരും കവികളും ഗാനരചയിതാക്കളുമെന്ന നിലയില്‍ പ്രശസ്തര്‍. വയലാറിന് മലയാളവും കണ്ണദാസന് തമിഴുമാണ് സംസാരിക്കാന്‍ പ്രിയം. ശുദ്ധമലയാളത്തില്‍ വയലാറും തമിഴില്‍ കണ്ണദാസനും പരസ്പരം സംസാരിക്കും. കവിതയും അങ്ങനെത്തന്നെ.

ഇരുവര്‍ക്കും അതു മനസ്സിലാകുമെങ്കിലും അന്നുകേട്ട കവിതകളുടെയൊന്നും അര്‍ഥം പിടികിട്ടാതെ കൗതുകത്തോടെ കേട്ടിരുന്ന ഒരാളുണ്ട്- കണ്ണദാസന്റെ മകന്‍ ഗാന്ധി. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ചെറുപ്പത്തില്‍ കേട്ട വയലാറിന്റെ വരികളോടുള്ള ഇഷ്ടംകൊണ്ട് മലയാളം പഠിക്കാന്‍ ചേര്‍ന്നിരിക്കുകയാണ് ഇപ്പോള്‍ 65 വയസ്സുള്ള ഗാന്ധി കണ്ണദാസന്‍.

പ്രിയകവിയുടെ രചനകളുടെ അര്‍ഥം മനസ്സിലാക്കി ആസ്വദിക്കുകയാണ് ലക്ഷ്യം. ചെന്നൈ മലയാളി ക്ലബ്ബിലെ മലയാളം മിഷന്‍ പഠനക്ലാസിലാണ് പ്രസാധകന്‍കൂടിയായ ഗാന്ധി ചേര്‍ന്നിരിക്കുന്നത്.

''മനോഹരമായ മലയാളഭാഷ പഠിക്കാന്‍ പണ്ടേ ആഗ്രഹമുണ്ടായിരുന്നു. മാതൃഭാഷയായ തമിഴിന് പുറമേ ഇംഗ്ലീഷും ഹിന്ദിയും തെലുങ്കും പഠിച്ചെങ്കിലും മലയാളം കൈയെത്താദൂരത്തായിരുന്നു.

യാദൃച്ഛികമായാണ് മലയാളി ക്ലബ്ബിലെ മലയാളം ക്ലാസിനെക്കുറിച്ച് കേട്ടത്. മറ്റൊന്നും ആലോചിച്ചില്ല. ക്ലാസ് നന്നായി മനസ്സിലാകുന്നുണ്ട്. തമിഴും മലയാളവും തമ്മിലുള്ള സാമ്യം പഠനത്തിലും സഹായകമാണ്. മലയാളം സിനിമകള്‍കണ്ട് ഭാഷയിലെ പ്രയോഗങ്ങള്‍ പഠിക്കാനും ശ്രമിക്കുന്നുണ്ട്. മലയാളസാഹിത്യത്തില്‍ വയലാര്‍ മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ള ലക്ഷ്യമെന്നും'' അദ്ദേഹം പറഞ്ഞു.

മലയാളി ക്ലബ്ബില്‍ മലയാളം മിഷന്‍ പുതിയ ബാച്ചിലെ കണിക്കൊന്ന കോഴ്സ് വിദ്യാര്‍ഥിയാണ് ഗാന്ധി. പ്രാഥമിക ഭാഷാപാഠങ്ങളാണ് പഠിപ്പിക്കുന്നത്. 22 പേരുള്ള ബാച്ചിലെ മലയാളിയല്ലാത്ത ഏക വിദ്യാര്‍ഥിയുമാണ്.

ക്ലാസില്‍ ശ്രദ്ധാലുവായ വിദ്യാര്‍ഥിയാണ് ഗാന്ധിയെന്ന് അധ്യാപകരായ മീര കൃഷ്ണന്‍കുട്ടിയും സവിതജോണും പറഞ്ഞു. ഓണ്‍ലൈനായാണ് ഇപ്പോള്‍ ക്ലാസുകള്‍ നടക്കുന്നത്. വൈകാതെ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുമെന്നും അധ്യാപകര്‍ പറഞ്ഞു.

Content Highlights: Gandhi Kannadasan to learn Malayalam