ഗബ്രിയേൽ ഗാർസ്യാ മാർക്കേസ് | ഫോട്ടോ: എ.പി
നോബേല്‍ പുരസ്‌കാര ജേതാവ് ഗബ്രിയേൽ ഗാർസ്യാ മാർക്കേസിന്റെ ഇതുവരെ വെളിച്ചം കാണാത്ത നോവൽ കണ്ടെത്തി പ്രസിദ്ധീകരിക്കാന്‍ പോകുന്നു. 'We' ll see each other in August' എന്ന് പേരുള്ള പുസ്തകം അടുത്ത വര്‍ഷത്തോടെ പുറത്തിറങ്ങും. വെള്ളിയാഴ്ച പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് വിവരം പുറത്തുവിട്ടത്.
മാർക്കേസിന്റെ പ്രസിദ്ധീകരിക്കാത്ത രചനയുടെ കൈയ്യെഴുത്തുപ്രതികള്‍ നിലവിലുണ്ടെന്ന വിവരം വ്യാപകമായി നിലനിന്നിരുന്നു. 1999 മുതല്‍തന്നെ ഇത്തരം ഊഹാപോഹങ്ങളുണ്ടായി. കാമ്പിയോ(Cambio) എന്ന കൊളംബിയന്‍ മാഗസിനില്‍ മാർക്കേസിന്റെ ഒരു ചെറുകഥ പ്രസിദ്ധീകരിച്ച് വന്നതും ഈ സമയത്താണ്.
അമ്മയുടെ കല്ലറയില്‍ പൂക്കള്‍ വെക്കാനായി ഒരു ദ്വീപിലെത്തുന്ന അന മാഗ്ഡലേന ബച് (Ana Magdalena Bach) എന്ന മധ്യവയസ്‌കക്കുണ്ടാകുന്ന ചോദനകളെക്കുറിച്ചാണ് മാർക്കേസ് ആദ്യ അധ്യായത്തില്‍ എഴുതിയിരുന്നത്. എന്നാല്‍ 2014ല്‍ മാർക്കേസ് അന്തരിച്ചു. പൂര്‍ത്തിയാകാതെപോയ രചന പ്രസിദ്ധീകരിക്കുന്നതില്‍ മാര്‍ക്വേസിന്റെ കുടുംബത്തിനും താല്‍പ്പര്യമുണ്ടായിരുന്നില്ല.
"ഇതുവരെ രചന പ്രസിദ്ധീകരിക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു മാർക്കേസിന്റെ മക്കള്‍. എന്നാല്‍ കൈയ്യെഴുത്തുപ്രതി വായിച്ച ശേഷം അവര്‍ തീരുമാനം മാറ്റുകയായിരുന്നു." - ഗാബോ ഫൗണ്ടേഷന്‍ ഡയറക്ടറായ ജെയ്മി അബെല്ലോ പറഞ്ഞു.
ഏറെ നിരൂപകപ്രശംസ നേടിയ മാർക്കേസിന്റെ മാജിക്കല്‍ റിയലിസത്തിന്റെ സ്വാധീനമുള്ള കൃതി, കൊളംബിയയില്‍നിന്നോ മറ്റേത് ലോകത്തില്‍നിന്നോ മറയാക്കാന്‍ കഴിയാത്തതാണെന്നാണ് മാർക്കേസിന്റെ മക്കളായ റോഡ്രിഗോയും ഗോന്‍സാലോ ഗാര്‍സിയ മാർക്കേസും അഭിപ്രായപ്പെട്ടത്.
150 പേജുകളുള്ള പുസ്തകത്തില്‍ അഞ്ച് വ്യത്യസ്ത ഭാഗങ്ങളായിരിക്കും ഉണ്ടാവുക. ഏറ്റവും കൂടുതല്‍ വിവര്‍ത്തന കൃതികളുണ്ടായിട്ടുള്ള സ്പാനിഷ് എഴുത്തുകാരനായ മാർക്കേസിന്റെ 'പുതിയ' പുസ്തകത്തിന്റെ ഇംഗ്ലീഷ് ഭാഷാ എഡിഷനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
Content Highlights: Gabriel García Márquez, New book named We' ll see each other in August
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..