ഓർക്കാട്ടേരി: തൊണ്ണൂറ്റിഏഴാം വയസ്സിൽ ആത്മകഥ പൂർത്തിയാക്കുന്ന തിരക്കിലാണ്  സ്വാതന്ത്ര്യസമരസേനാനി ഓർക്കാട്ടേരിയിലെ കെ.വി. നാരായണൻ നായർ. മലബാറിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ചുരുക്കം സ്വാതന്ത്ര്യസമരസേനാനികളിൽ ഒരാൾ. ബ്രിട്ടീഷുകാർക്കും ഫ്രഞ്ചുകാർക്കും, പോർച്ചുഗീസുകാർക്കുമെതിരേ താൻ പങ്കെടുത്ത സമരങ്ങളുടെ ജ്വലിക്കുന്ന ഓർമകളാണ് പുസ്തകമാക്കുന്നത്. 150-ൽ പരം പേജുകൾ എഴുതിക്കഴിഞ്ഞു. ഇനി അവസാനഘട്ടജോലികൾ മാത്രം ബാക്കി.

ജന്മദേശമായ അത്തോളിയിൽ 1940 കാലഘട്ടത്തിൽ എട്ടാംതരം വിദ്യാർഥിയായിരിക്കെയാണ് ആദ്യമായി നാരായണൻ നായർ സ്വാതന്ത്ര്യസമരത്തിൽ അണിചേർന്നത്. വിദ്യാർഥികളെ സംഘടിപ്പിച്ച് പ്രകടനം നടത്തിയതോടെ പോലീസ് വീട്ടിലെത്തി. പോലീസിൽനിന്നും രക്ഷപ്പെടാനായി അച്ഛന്റെ നിർദേശപ്രകാരം അത്തോളിയിൽനിന്നും കണ്ണൂരിലെത്തി. അവിടെ ചില്ലറജോലികൾ ചെയ്തു. ക്വിറ്റിന്ത്യാ പ്രക്ഷോഭകാലത്ത് കണ്ണൂരിൽ സമരത്തിൽ പങ്കെടുത്തു. ഇതോടെ നാലുവർഷം ഒളിവിൽ കഴിയേണ്ടിവന്നു.

പിന്നീട് ചോമ്പാല നെയ്ത്തുസൊസൈറ്റിയിൽ ജോലി തുടങ്ങി. ഈ സമയത്താണ് ഫ്രഞ്ചുകാർക്കെതിരേ മയ്യഴിസമരത്തിൽ ഐ.കെ. കുമാരൻ മാസ്റ്ററോടൊപ്പം പങ്കെടുത്തത്. 1955-ൽ ഗോവാ വിമോചന സമരത്തിൽ പി. ശേഖരന്റെ നേതൃത്വത്തിലുള്ള മലബാർജാഥയുടെ മാനേജരായിരുന്നു. പോർച്ചുഗീസ് പതാകകൾ അഴിച്ചുമാറ്റി ഇന്ത്യൻ പതാക ഉയർത്തിയസംഭവങ്ങൾ ഇദ്ദേഹം ആവേശത്തോടെ ഓർക്കുന്നു. ഇതിനിടയിൽ അറസ്റ്റ് ചെയ്യപ്പെട്ടു.

ലോക്കപ്പിൽ കൊടിയ മർദനങ്ങൾ. മൂത്രത്തിലൂടെ ചോര പോയ്ക്കൊണ്ടിരുന്ന നാളുകൾ. രണ്ടുവർഷത്തോളം ഇതിന് ചികിത്സിക്കേണ്ടിവന്നു. അടിയന്തരാവസ്ഥക്കാലത്ത് 10 ദിവസം ജയിൽ വാസവുമനുഷ്ഠിച്ചു. ഒളിമങ്ങാത്ത ഈ ഓർമകൾക്ക് വൈകാതെ മഷിപുരളും. സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള താമ്രപത്രം ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പെൻഷനും ലഭിക്കുന്നുണ്ട്.

എങ്കിലും വീട്ടിലേക്ക് സൗകര്യപ്രദമായ വഴിയോ റോഡോ ഇതുവരെ ഉണ്ടായില്ല എന്ന ദുഃഖം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷവേളയിൽ ഇദ്ദേഹം പങ്കുവെക്കുന്നു. കിടപ്പിലായ ഭാര്യയെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ടും ഇദ്ദേഹം പങ്കിട്ടു. ഇപ്പോൾ ഇടുങ്ങിയ ഒരു നടപ്പാതയാണ് വഴി. മുൻ എം.എൽ.എ. സി.കെ. നാണുവിന്റെ കാലത്ത് റോഡിനായി ശ്രമങ്ങൾ നടത്തിയിരുന്നു. ഫണ്ട് പാസായെങ്കിലും സ്ഥലം കിട്ടാത്തതിനാൽ റോഡ് നിർമാണം നടന്നില്ല. പുതിയ എം.എൽ.എ. കെ.കെ. രമയ്ക്കും നിവേദനം നൽകാനൊരുങ്ങുകയാണ് ഇദ്ദേഹം.

Content Highlihts :Freedom Fighter K V Narayanan Writes Autobiography at the age of 97