എടപ്പാള്‍: നാലുപതിറ്റാണ്ടുമുന്‍പ് തന്നെ പഠിപ്പിച്ച ഗുരുനാഥയെ അന്വേഷിച്ചു കണ്ടെത്തി ശിഷ്യന്‍ താനെഴുതിയ പുസ്തകങ്ങളുടെ ശേഖരം അവര്‍ക്കു സമര്‍പ്പിച്ചു. ഈശ്വരമംഗലം കൊരട്ടിയില്‍ തങ്കമണിയുടെ വീടാണ് അപൂര്‍വ ഗുരുശിഷ്യസമാഗമത്തിനു വേദിയായത്.

ജീവചരിത്ര നോവല്‍ ശാഖയില്‍ ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവും ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടറുമായ തൃക്കണ്ടിയൂര്‍ പാലക്കാട്ടില്‍ ദിനേശ് എന്ന തിരൂര്‍ ദിനേശാണ് 1978-ല്‍ തന്നെ പഠിപ്പിച്ച ഈശ്വരമംഗലത്തെ തങ്കമണിയെന്ന ഗുരുനാഥയെ തേടിയെത്തിയത്.

തിരൂര്‍ ഗവ. ബോയ്സ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ സദുപദേശങ്ങളിലൂടെ തന്നെ നേര്‍വഴിക്കുനയിച്ച ഈ അധ്യാപികയെ കാണണമെന്ന് 15 വര്‍ഷത്തോളമായി പിന്തുടരുന്ന ആഗ്രഹമാണെന്ന് ദിനേശ് പറയുന്നു. താനെഴുതിയ ഇരുപത്തഞ്ചോളം പുസ്തകങ്ങളുടെ പതിപ്പുകള്‍ സമര്‍പ്പിച്ച ദിനേശിനെ തങ്കമണി ടീച്ചര്‍ തലയില്‍ കൈവെച്ചനുഗ്രഹിച്ചു.

സാംസ്‌കാരികരംഗത്തുനിന്ന് ഷാബു പ്രസാദടക്കമുള്ളവര്‍ ആ അപൂര്‍വ മൂഹൂര്‍ത്തത്തിനു സാക്ഷികളായി.

Content Highlights: Forty years later the disciple arrives to meet his teacher with a collection of books