തിരുവനന്തപുരം: വലിയ പ്രളയങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന നെതര്‍ലന്‍ഡ്സിന്റെ മാതൃക കേരളത്തിനു ഗുണകരമായി പ്രയോജനപ്പെടുത്താനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നെതര്‍ലന്‍ഡ്സ് മുന്‍ അംബാസിഡര്‍ വേണുരാജാമണിയും രാകേഷ് എന്‍.എമ്മും ചേര്‍ന്നു രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച, 'പ്രളയം: പ്രതിരോധം പുനര്‍നിര്‍മാണം, പഠിക്കാം ഡച്ച് പാഠങ്ങള്‍' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഔദ്യോഗികജീവിതത്തിലുടനീളം കേരളത്തോടുള്ള അഭിനിവേശം കൂടെ കൊണ്ടുനടക്കുകയും പ്രത്യേക പ്രതിപത്തി വച്ചുപുലര്‍ത്തുകയും ചെയ്തയാളാണ് വേണുരാജാമണിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നെതര്‍ലന്‍ഡ്സിനു സമാനമായ ഭൂപ്രകൃതിയുള്ള കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യാന്‍ നെതര്‍ലന്‍ഡ് അനുഭവം സഹായകരമാണ്. നെതര്‍ലന്‍ഡ്സില്‍ ഒരു പദ്ധതി തീരുമാനിച്ചാല്‍ അടുത്ത നിമിഷം അവര്‍ നിര്‍മാണം ആരംഭിക്കും. എന്നാല്‍, നമ്മുടെ സംവിധാനത്തിന്റെ പോരായ്മകള്‍കൊണ്ട് കാലതാമസമുണ്ടാകാറുണ്ട്.

ഡാം മാനേജ്മെന്റില്‍ സ്വീകരിക്കേണ്ട സമീപനം വേണ്ടതുപോലെ സ്വീകരിക്കാത്തതിനാലാണ് 2018-ല്‍ പ്രളയമുണ്ടായതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ടെന്ന് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ജലത്തെ ശത്രുവായി കാണാതെ, ഏതുവിധത്തില്‍ പ്രയോജനപ്പെടുത്താമെന്ന് പുസ്തകം വ്യക്തമാക്കുന്നുണ്ടെന്ന് അധ്യക്ഷത വഹിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി.ശ്രേയാംസ് കുമാര്‍ എം.പി. പറഞ്ഞു. മുഖ്യമന്ത്രിയുടെ നെതര്‍ലന്‍ഡ്സ് സന്ദര്‍ശനത്തിനുശേഷം 'റൂം ഫോര്‍ റിവര്‍' എന്ന പദ്ധതിയുടെ ചര്‍ച്ച സംസ്ഥാനത്തു നടക്കുന്നുണ്ട്. പ്രളയത്തിന്റെ ആഘാതം എങ്ങനെ കുറയ്ക്കാമെന്ന പഠനംകൂടിയാണ് പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് എവിടെയിരുന്നാലും കേരളത്തെക്കുറിച്ചുള്ള ചിന്തയും കരുതലും മനസ്സില്‍ സൂക്ഷിച്ചിരുന്ന വേണുരാജാമണിയുടെ പുസ്തകത്തിന്റെ ഉള്ളടക്കം കേരളത്തെ സംബന്ധിച്ച് ഏറ്റവും പ്രസക്തമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

നെതര്‍ലന്‍ഡ്സിന്റെ പ്രളയപ്രതിരോധത്തിലുള്ള പരിചയവും അവരുടെ പുതിയ പരീക്ഷണങ്ങളും കേരളത്തിലെ ജനങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചിന്തയാണ് രചനയുടെ പ്രചോദനമെന്ന് വേണുരാജാമണി പറഞ്ഞു.

ചീഫ് ഓഫ് മാതൃഭൂമി ന്യൂസ് ഉണ്ണി ബാലകൃഷ്ണന്‍, മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ ബി.രമേഷ്‌കുമാര്‍ എന്നിവരും സംസാരിച്ചു. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിനോദ് ജോണാണ് പരിഭാഷ നിര്‍വഹിച്ചത്.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Former Diplomat Venu Rajamony's Book On Flood Management Released