
ദേവകി ദേവിയും ആര്യാ ദേവിയും, പരമേശ്വരൻ നമ്പൂതിരി കുറിച്ചിട്ട കടലാസ്
കൊച്ചി: 78 വര്‍ഷം മുമ്പ് വസൂരി ബാധിച്ച് 'ക്വാറന്റീനി'ല്‍ കഴിയവേ ഇരുപത്തെട്ടാം വയസ്സില്‍, മരിച്ചുപോയ അച്ഛന്, അദ്ദേഹം എഴുതിയതെല്ലാം ഈ ക്വാറന്റീന് കാലത്ത് പുസ്തകമാക്കുകയാണ് എണ്പതു കഴിഞ്ഞ മക്കള്‍. സഹോദരിമാരായ ദേവകി ദേവി(82)യും ആര്യാ ദേവി(80)യും ചേര്‍ന്ന് 'പൂമാല' എന്ന പേരില്‍ വി.എന്‍. പരമേശ്വരന് നമ്പൂതിരിയുടെ സമ്പൂര്‍ണകൃതികള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അതില്‍ സങ്കടത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കഥയുണ്ട്.
പരമേശ്വരന് നമ്പൂതിരി അക്കാലത്ത് കുറിച്ചു വെച്ചതെല്ലാം ശേഖരിച്ചാണ് മക്കള്‍ ഇപ്പോള്‍ പുസ്തകരൂപത്തിലാക്കിയത്. 51 കവിതകളും ഒമ്പത് ഗദ്യങ്ങളും മൂന്ന് ആട്ടക്കഥകളും ഒരു നാടകവും ഒരു സന്ദേശകാവ്യവും ചേര്‍ന്നതാണ് പുതിയ പുസ്തകം. ''അച്ഛന് മരിക്കുമ്പോള്‍ എനിക്കു രണ്ടും ചേച്ചിക്കു നാലും വയസ്സാണുണ്ടായിരുന്നത്. അനാചാരങ്ങള്‍ക്കും അനീതികള്‍ക്കും എതിരേ സാഹിത്യത്തിലൂടെ ആഞ്ഞടിക്കാന്‍ അച്ഛന് ശ്രമിച്ചു. 28 വര്‍ഷമേ അച്ഛന് ഈ ഭൂമിയില്‍ ജീവിച്ചുള്ളൂ. ഇത്രയും കാലത്തിനുശേഷം അച്ഛനുവേണ്ടി ഇങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിക്കണമെന്നു തോന്നി.'' -ആര്യാ ദേവി പറഞ്ഞു.
എറണാകുളം മഞ്ഞുമ്മലിലാണ് ആര്യാ ദേവി താമസിക്കുന്നത്, ദേവകി മകള്‍ക്കൊപ്പം ഡല്‍ഹിയിലും. അച്ഛന് എഴുതിവെച്ച കടലാസുകളെല്ലാം ശേഖരിച്ച് ദേവകിയാണ് ഒരു പുസ്തകത്തിലേക്ക് പകര്‍ത്തിയെഴുതിയത്. അതുതന്നെ 400-ലേറെ പേജുകള്‍ വന്നിരുന്നു. അത്യാവശ്യം എഡിറ്റിങ് ഇരുവരും ചേര്‍ന്നു നിര്‍വഹിച്ചു. പുസ്തകമിറക്കുന്ന സന്തോഷത്തിനിടയിലും ഒരു സങ്കടമുണ്ട്. ''വസൂരി ബാധിച്ച ആളെ അന്ന് ഒരു മുറിയില്‍ പൂട്ടിയിടുകയാണ് പതിവ്. അമ്മയെയും ഞങ്ങളെയുമൊന്നും കാണാതെയാണ് അച്ഛന് ലോകത്തോടു വിട പറഞ്ഞത്. '' ഒരു കാലത്തെ 'ക്വാറന്റീ'നില് മരിച്ചുപോയ അച്ഛനുവേണ്ടി ഈ കോവിഡ് കാലത്ത് ഒരു പുസ്തകം ഇറക്കാന്‍ കഴിഞ്ഞത് ദൈവത്തിന്റെ വിധിയായിരിക്കാം.'' -ഇരുവരും പറയുന്നു.
Content Highlights : father writes at 28 and daughters transcribed and published it at their 80s
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..