ഹൗറ: ബംഗാളിലെ ദരിദ്രര്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഫ്രഞ്ച് വൈദികന്‍ ഫ്രാന്‍സ്വ ലബോര്‍ദെ (93) അന്തരിച്ചു. ആനന്ദത്തിന്റെ നഗരമായ കൊല്‍ക്കത്തയെക്കുറിച്ച് എഴുതപ്പെട്ട അവിസ്മരണീയ നോവലായ 'സിറ്റി ഓഫ് ജോയ്'യ്ക്ക് പ്രചോദനമായത് ഫാ. ലബോര്‍ദെയായിരുന്നു.
നോവലിസ്റ്റ് ഡൊമിനിക് ലാപ്പിയറെ പില്‍ഖാനയിലെ ദാരിദ്ര്യം നിറഞ്ഞ ഊടുവഴികളിലൂടെയും കഷ്ടപ്പാടുകളിലൂടെയും അദ്ദേഹം കൈപിടിച്ചുനടത്തി. നോവലിലെ സ്റ്റീഫന്‍ കൊവാല്‍സ്‌കി എന്ന കഥാപാത്രത്തിലൂടെ ലാപ്പിയര്‍ അദ്ദേഹത്തെ അനശ്വരനാക്കി. ഫാ. ലബോര്‍ദെയുടെ ശവസംസ്‌കാരം തിങ്കളാഴ്ച നടന്നതായി കൊല്‍ക്കത്ത അതിരൂപത അറിയിച്ചു.
1927-ല്‍ പാരീസില്‍ ജനിച്ച്, ജസ്യൂട്ട് സഭാംഗമായ ഫാ. ലബോര്‍ദെ 1965-ലാണ് ഇന്ത്യയിലെത്തിയത്. യുനെസ്‌കോയ്ക്കുവേണ്ടി ഇന്ത്യയിലെ അരികുജീവിതങ്ങളെക്കുറിച്ചു നടത്തിയ ഗവേഷണമാണ് ദാരിദ്ര്യത്തിന്റെ ലോകം അദ്ദേഹത്തിനു കാണിച്ചുകൊടുത്തത്. പില്‍ഖാനയില്‍ അദ്ദേഹം എട്ടുകൊല്ലം പ്രവര്‍ത്തിച്ചു. അവിടത്തെ ചേരിനിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സേവാ സംഘ് സമിതി സ്ഥാപിച്ചു. അന്ദുളില്‍ ദരിദ്രരുടെയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും പുനരധിവാസത്തിനായി അഭയകേന്ദ്രം തുടങ്ങി. ഇത്തരക്കാരായ കുട്ടികള്‍ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ബംഗാള്‍ മുഴുവന്‍ വ്യാപിച്ചു.
കഴിഞ്ഞവര്‍ഷം ഫ്രഞ്ച് സര്‍ക്കാര്‍, രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലെജിയന്‍ ദി ഓണര്‍ രണ്ടാംതവണ ഫാ. ലബോര്‍ദെയ്ക്ക് സമ്മാനിച്ചിരുന്നു.
Content Highlights: Father Francois Laborde passes away