തൃശ്ശൂര്‍: വീട്ടിലിരുന്ന് കവിതകള്‍ ലൈവ് വീഡിയോയിലൂടെ പരസ്പരം കേട്ടപ്പോള്‍, അത് കൊറോണക്കാലത്തെ അകലങ്ങള്‍ ഇല്ലാതാക്കുന്ന ആധുനിക കവിയരങ്ങായി.

വാട്‌സാപ്പ് കൂട്ടായ്മയായ 'എഴുത്തൊച്ച'യാണ് കടമ്മനിട്ട ദിനത്തില്‍ രണ്ട് മണിക്കൂറില്‍ കാവ്യാഞ്ജലിയൊരുക്കിയത്. 'സൂം' എന്ന വീഡിയോ മാധ്യമത്തിലൂടെയാണ് 'വീട്ടിലിരിക്കാം, കവിത ചൊല്ലാം' എന്ന സന്ദേശവുമായി ലൈവ് വീഡിയോ കവിയരങ്ങ് നടത്തിയത്. 20 പേരുടെ സംഘമാണ് ഒരേസമയം സ്‌ക്രീനില്‍ തെളിയുക.

ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. സാമൂഹിക അകലം പാലിക്കുന്ന നിരവധി മാതൃകകള്‍ വിദേശ മാധ്യമങ്ങളില്‍ കണ്ടതാണ് പ്രചോദനം. ആദ്യത്തെ വീഡിയോ സാഹിത്യചര്‍ച്ച ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു.

രാവുണ്ണി, എന്‍.ആര്‍. ഗ്രാമപ്രകാശ്, കണ്ണന്‍ സിദ്ധാര്‍ത്ഥ്, ടി.കെ. കലമോള്‍, രാമന്‍ ബിനീഷ്, അഞ്ജിത, പി.ബി. ഋഷികേശന്‍, വി.വി. ശ്രീല, സീന ശ്രീവത്സന്‍, നഫീസത്ത് ബീവി, നവീന്‍ മാരാര്‍, റീബാ പോള്‍, നസീം ചെന്ത്രാപ്പിന്നി, ഡോ. കെ.എസ്. കൃഷ്ണകുമാര്‍, വെങ്കിടേശ്വരി തുടങ്ങിയവര്‍ കടമ്മനിട്ടക്കവിതകള്‍ അവതരിപ്പിച്ചു. കെ.ആര്‍. ബീന സാങ്കേതിക സഹായം നല്‍കി. 15 പേര്‍ കവിതാനിരീക്ഷകരായി. കവിയും നാടകപ്രവര്‍ത്തകനുമായ കണ്ണന്‍ സിദ്ധാര്‍ത്ഥാണ് കവികളെയും ആസ്വാദകരെയും കോര്‍ത്തിണക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പ് 'എഴുത്തൊച്ച'യ്ക്ക് തുടക്കം കുറിച്ചത്. കേരളത്തിന് പുറമെ കാനഡ, സിംഗപ്പൂര്‍, ഗള്‍ഫ് നാടുകള്‍ തുടങ്ങിയിടങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഇതില്‍ അംഗങ്ങളാണ്.

Content Highlights: Ezhuthocha Kaviyarangu E kavithakal