കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, ചലച്ചിത്ര അക്കാദമി തുടങ്ങിയ സാംസ്കാരിക അക്കാദമികളുടെ തലപ്പത്തും യുവമുഖങ്ങളെയാണ് ആഗ്രഹിക്കുന്നത് എന്നു പറയുന്നു കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനും എഴുത്തുകാരനുമായ വൈശാഖൻ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:

ണ്ടാം പിണറായി സർക്കാറിന് എല്ലാവിധ ആശംസകളും നേരട്ടെ ആദ്യം തന്നെ. പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത എല്ലാ കാര്യങ്ങളും യാതൊരു തടസ്സവുമില്ലാതെ ഈ മന്ത്രിസഭ നടപ്പാക്കും എന്നുതന്നെയാണ് ഉറച്ച വിശ്വാസം. അത്തരമൊരു വിശ്വാസം കൊണ്ടുതന്നെയാണ് തുടർ ഭരണം നൽകുവാൻ കേരളത്തിലെ ജനങ്ങൾ തയ്യാറായതും. പുതുമുഖങ്ങളുടെ നീണ്ടനിര ഇന്നലെ ഉത്തരവാദിത്തമേൽക്കുന്നത് നിറഞ്ഞ സന്തോഷത്തോടെയാണ് നോക്കിയിരുന്നത്. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് നല്ല പരിചയവും തഴക്കവും വന്നവരാണ് ഈ കന്നിമന്ത്രിമാരെല്ലാം തന്നെ എന്നതും ശ്രദ്ധേയമാണ്. പുതുമുഖങ്ങൾ നിറഞ്ഞ മന്ത്രിസഭ വലിയ പ്രതീക്ഷ തരുന്നുണ്ട്. കേരളത്തിലെ രണ്ടാം നവോത്ഥാനം പ്രദാനം ചെയ്യാൻ ഈ സർക്കാരിന് കഴിയട്ടെ.

കേരള സാഹിത്യഅക്കാദമിയുടെ ഇപ്പോഴുള്ള ഭരണസമിതിയുടെ കാലാവധി കഴിയാറായിട്ടില്ല. മൂന്നു വർഷമാണ് ഭരണസമിതിയുടെ ഒരു ടേം. അതുപ്രകാരം രണ്ടാമത്തെ ടേമിലാണ് ഭരണസമിതി ഇപ്പോൾ ഉള്ളത്. കോവിഡ് കാലത്തെ ലോക്ഡൗൺ കാരണം നീട്ടിവെക്കേണ്ടി വന്ന കുറച്ചു പദ്ധതികൾ കൂടിയുണ്ട് പൂർത്തിയാക്കാൻ. കേരള സാഹിത്യഅക്കാദമിയുടെ അധ്യക്ഷസ്ഥാനം സാംസ്കാരിക വകുപ്പ് ഏൽപിച്ചു തന്നതുമുതൽ പുരോഗമനാശയങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നത്.

മന്ത്രിസഭയിൽ വന്ന വിപ്ളവകരമായ മാറ്റം സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള അക്കാദമികളിലും കൊണ്ടുവരണം എന്നാണ് എന്റെ അഭിപ്രായം. പുതിയ യുവത അധ്യക്ഷസ്ഥാനങ്ങൾ ഏറ്റെടുക്കട്ടെ. കൂടുതൽ പ്രവർത്തനക്ഷമതയുള്ള ചെറുപ്പക്കാർ വരട്ടെ. എഴുത്തിലെയോ അഭിനയത്തിലെയോ ചിത്രകലയിലെയോ സീനിയോറിറ്റിക്കുള്ള നീക്കിവെക്കലുകളായി അക്കാദമികളുടെ അധ്യക്ഷസ്ഥാനം മാറില്ല എന്നാണ് വിശ്വാസം.അവരവരുടെ മേഖലകളിൽ കഴിവും പ്രവർത്തിപരിചയവും സംഘാടകത്വവും സാമൂഹികമായി ഇടപെടാനുള്ള കഴിവും തുടങ്ങി എല്ലാംകൊണ്ടും യോഗ്യരായിരിക്കണം അധ്യക്ഷരായി വരുന്ന പുതുമുഖങ്ങൾ എന്ന ആഗ്രഹവും ഉണ്ട്. അത്തരമൊരു മാറ്റത്തിന് സാധ്യത വളരെ കൂടുതലാണ് എന്നാണ് മനസ്സിലാക്കുന്നത്.

Content Highlights :Expecting new faces in Academy chairs remarks writer Vyshakhan