തിരുവനന്തപുരം: എടവത്തിലെ തൃക്കേട്ടയാണ് വെള്ളിയാഴ്ച. പ്രിയപ്പെട്ട കവിയും അധ്യാപകനും പരിസ്ഥിതിസംരക്ഷണ പോരാളിയുമായിരുന്ന വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ 82-ാം ജന്മദിനം. നാലുമാസം മുന്‍പ് വിടപറഞ്ഞെങ്കിലും ആ മങ്ങാത്ത ഓര്‍മകള്‍ക്കു മുന്നില്‍ പിറന്നാള്‍സമ്മാനമായി അദ്ദേഹത്തിന്റെ പ്രിയകവിതകളുടെ ഇംഗ്ലീഷ് പരിഭാഷ തയ്യാറായി.

അമേരിക്കയില്‍ ആണവശാസ്ത്രജ്ഞനായ മാടശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി എന്ന എം.എന്‍.നമ്പൂതിരിയാണ് വിഷ്ണുവിന്റെ 51 കവിതകള്‍ പരിഭാഷപ്പെടുത്തിയത്. 'നൈറ്റ്സ് ആന്‍ഡ് ഡേയ്സ് ഇന്‍ ഉജ്ജയിനി'(ഉജ്ജയിനിയിലെ രാപകലുകള്‍) എന്ന പേരില്‍. ഇതേ പേരില്‍ വിഷ്ണുവിന്റെ സമാഹാരമുണ്ടെങ്കിലും അതപ്പാടെയല്ല ഇംഗ്ലീഷ് പുസ്തകത്തിലുള്ളത്. ആദ്യകാല കവിതകളില്‍ ചിലതും 'ബ്രഹ്മദത്തന്‍', 'മിത്രാവതി' തുടങ്ങിയ പില്‍ക്കാല കവിതകളും മൊഴിമാറ്റിയിട്ടുണ്ട്.

അറുപതു വര്‍ഷമായി അമേരിക്കയിലാണ് എം.എന്‍.നമ്പൂതിരി. ന്യൂയോര്‍ക്കിലെ സ്റ്റോണി ബ്രൂക്ക് സര്‍വകലാശാലയില്‍ ന്യൂക്ലിയാര്‍ കെമിസ്ട്രിയില്‍ ഗവേഷകനാണ്. ടെക്‌സസിലെ എ ആന്‍ഡ് എം സര്‍വകലാശാലയിലും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ലിവര്‍മോര്‍ ലബോറട്ടറിയിലും പ്രവര്‍ത്തിക്കുന്നു.

മലയാള കവിതയുടെ തന്മാത്രകളെ അടുത്തറിയുന്ന അദ്ദേഹം, കുമാരനാശാന്റെ 'നളിനി'യും വൈലോപ്പിള്ളിയുടെ 'കുടിയൊഴിക്ക'ലും നേരത്തേ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിരുന്നു. കവിയുടെ ബന്ധുകൂടിയാണ് എം.എന്‍.നമ്പൂതിരി.

വിഷ്ണുവിന്റെ പ്രിയശിഷ്യനും കവിയുമായ ആത്മാരാമനാണ് സംശോധനം നിര്‍വഹിച്ചതും അവതാരിക എഴുതിയതും. മലയാളത്തിലുള്ള കവിതയും മലയാളികളല്ലാത്തവര്‍ക്ക് അതു വായിക്കാനുതകുന്ന ലിപ്യന്തരണവും പരിഭാഷയും ഒരേ പേജില്‍ത്തന്നെ ഉള്‍പ്പെടുത്തിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. കവിയുടെ മൂന്നു ഗദ്യലേഖനങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഒപ്പമുണ്ട്.

കോവിഡ് വ്യാപനം കാരണമുള്ള നിയന്ത്രണങ്ങള്‍ ഒഴിവാകുന്ന മുറയ്ക്ക് പുസ്തകം പ്രകാശനം ചെയ്യാനുള്ള ശ്രമത്തിലാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ സൗത്ത് ഇന്ത്യന്‍ സ്റ്റഡീസ്.

വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Vishnu narayanan Namboothiri’s poems English translation