പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 'മാതൃഭൂമി' മെഗാ ബുക്ഫെയറിൽനിന്ന്.
പാലക്കാട്: ആഗോളസാഹിത്യത്തിന്റെ അതിവേഗമിടിപ്പുകള് പ്രകടമാകുന്ന ഇംഗ്ലീഷ് സാഹിത്യകൃതികള്‍ 'മാതൃഭൂമി' മെഗാ ബുക്ഫെയറിനെ പ്രൗഢമാക്കുന്നു. ലോകത്തെ സാഹിത്യവ്യതിയാനങ്ങള് അപ്പപ്പോള്‍ നിരീക്ഷിക്കുന്ന ധാരാളം മലയാളിവായനക്കാരുണ്ടെന്ന് പുസ്തകമേള സാക്ഷ്യപ്പെടുത്തുന്നു.
ആന്‍ഡ്രൂ പെറ്റെഗ്രിയും ആര്‍തര്‍ ഡെ വേഡുവെനും ചേര്‍ന്നു രചിച്ച 'ദ ലൈബ്രറി എ ഫ്രജൈല്‍ ഹിസ്റ്ററി'ക്ക് വായനക്കാരുടെ തിരഞ്ഞെടുപ്പുപട്ടികയില് പ്രഥമസ്ഥാനമാണ്.
രാജ്യത്തെ 35 പേരുടെ സംക്ഷിപ്ത ജീവചരിത്രം പ്രതിപാദിച്ച് ടി.ജെ.എസ്. ജോര്‍ജ് രചിച്ച 'ദ ഡിസ്മാന്ഡലിങ് ഓഫ് ഇന്ത്യ' എന്ന പുസ്തകവും ശ്രദ്ധേയമാകുന്നു. 2022-ലെ ബുക്കര്‍ പ്രൈസ് നേടിയ ശ്രീലങ്കന്‍ എഴുത്തുകാരന് ഷെഹാന് കരുണതിലകയുടെ 'ദ സെവന് മൂണ്‍സ് ഓഫ് മാലി അല്‍മേഡ'യും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ 'ബര്‍ത്ത് ലോട്ടറിയും' തേടി വായനക്കാരെത്തുന്നുണ്ട്.
ചലച്ചിത്രം വന്നതോടെ കൂടുതല്‍ പ്രശസ്തമായ, കല്‍ക്കിയുടെ 'പൊന്നിയിന്‍ സെല്‍വ'ന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്കും വാര്‍ത്തകളില്‍ നിറയുന്ന, ശശി തരൂരിന്റെ 'അംബേദ്കര്‍ എ ലൈഫ്' എന്ന പുസ്തകത്തിനും ആവശ്യക്കാരേറെയുണ്ട്.
ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ്, പൗലോ കൊയ്ലോ, ഡാന്‍ ബ്രൗണ്‍, അഗതാ ക്രിസ്റ്റി, സ്റ്റീഫന്‍ കിങ്, കോളിന് ഹൂവര്‍, അന ഹാങ്, അമിഷ്, അനിതാനായര്‍ തുടങ്ങി നിരവധിപേരുടെ വിസ്മയിപ്പിക്കുന്ന രചനകള്‍ മേളയിലെ ഇംഗ്ലീഷ് വിഭാഗത്തെ സമ്പുഷ്ടമാക്കുന്നു.
ഗവ. വിക്ടോറിയ കോളേജിനടുത്തുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ മലയാളത്തിലെ മിക്ക പ്രസാധകരുടെയും മികച്ച പുസ്തകങ്ങളാണ് ഒരുക്കിയത്. ഇത് വായനക്കാര്‍ക്ക് ഒരു കുടക്കീഴില്‍നിന്ന് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ടാക്കുന്നുണ്ട്.
ആകര്‍ഷകമായ വിലക്കുറവിലാണ് പുസ്തകവില്പന. വായനശാലകള്‍ക്കും സ്കൂള്‍-കോളേജ് ലൈബ്രറികള്‍ക്കും പ്രത്യേക ഇളവുമുണ്ട്. ജനുവരി 22 വരെ തുടരുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തനസമയം.
കണ്ണാടി സര്‍വീസ് സഹകരണ ബാങ്കിന്റെ അതിജീവനപദ്ധതിയുടെ ഭാഗമായി കണ്ണാടി വടക്കുമുറിയില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന 'ടേസ്റ്റസ് ആന്‍ഡ് ബ്ലെന്‍ഡ്സ്' ഫുഡ് പാര്‍ക്കാണ് മേളയുടെ പ്രായോജകര്‍.
Content Highlights: Mathrubhumi mega book fair, English literature, Gov. Victoria college Palakkad, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..