ഫ്രാൻസിന്റെ ഏറ്റവും ഉയർന്ന സാംസ്കാരിക ബഹുമതിയായ കമാൻഡർ ഫ്രഞ്ച് ഓർഡ്രെ ഡെസ് ആർട്സ് എറ്റ് ഡെസ് ലെട്രെസിന് മുതിർന്ന ഐറിഷ് നോവലിസ്റ്റും നാടകകൃത്തും കവയിത്രിയുമായ ജോസഫെൻ എഡ്ന ഓബ്രിയൻ അർഹയായി.

ദ കൺട്രി ഗേൾസ്, എന്ന പ്രഥമനോവൽ 1960-ൽ പ്രസിദ്ധീകരിക്കുകയും മണിക്കൂറുകൾക്കുള്ളിൽത്തന്നെ ഫ്രാൻസിൽ നിരോധിക്കപ്പെടുകയും ചെയ്തുകൊണ്ടാണ് എഡ്ന ശ്രദ്ധിക്കപ്പെടുന്നത്. വിവാദങ്ങളെ ആദ്യനോവൽ മുതൽ കൂടെകൊണ്ടു നടന്ന എഴുത്തുകാരി തൊണ്ണൂറാം വയസ്സിൽ ഫ്രാൻസിലെ വിശിഷ്ടബഹുമതിയാൽ ആദരിക്കപ്പെടുമ്പോൾ തന്റെ എഴുത്തുജീവിതത്തെക്കുറിച്ച് പ്രതികരിച്ചതിങ്ങനെയാണ് : എനിക്ക് തെറ്റു സംഭവിച്ചിട്ടില്ല എന്നഭിനയിക്കാൻ കഴിയില്ല''. അറുപത് വർഷക്കാലത്തെ എഴുത്തുജീവിതത്തിൽ 'ദ കൺട്രി ഗേൾസ്' മുതൽ ഏറ്റവും പുതിയ നോവലായ 'ഗേൾ' വരെ തികച്ചും സ്ത്രീപക്ഷരചനകൾ കൊണ്ട് തന്റെ നിലപാടുകൾ ലോകത്തിന് വ്യക്തമാക്കിയതാണ്. ''ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ഒരേ ശബ്ദം നൽകിയ പ്രതിബദ്ധതയുള്ള ഫെമിനിസ്റ്റ് എന്നാണ് ഫ്രഞ്ച് സാംസ്കാരികലോകം എഡ്നയെ വിശേഷിപ്പിച്ചത്''.

നൈറ്റ്, ഓഫീസർ, കമാൻഡർ എന്നീ മൂന്ന് ഉന്നത സാംസ്കാരിക ബഹുമതികളാണ് ഫ്രാൻസിനുള്ളത്. അതിൽ ഏറ്റവും ഉയർന്ന ബഹുമതിയാണ് കമാൻഡർ ഓഫ് ദ ഫ്രഞ്ച് ഓഡർ ഫോർ ആർട്സ് ആൻഡ് ദ ലെറ്റേഴ്സ്. ടി.എസ് എലിയറ്റ്, ജോർജ്ജ് ലൂയിസ് ബോർജസ്, ഷീമസ് ഹീനി, റേ ബ്രാഡ്ബറി തുടങ്ങിയവരാണ് ഈ ബഹുമതി നല്കി മുമ്പ് ആദരിക്കപ്പെട്ട എഴുത്തുകാർ.

Content Highlights: Edna OBrien to receive France highest honour for the arts and literature