കോഴിക്കോട് : കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും(2020-21) ചലച്ചിത്ര നടനുമായ ടി. സുരേഷ് ബാബുവിന്റെ ഇളയ മകന്‍ ധീരജിന്റെയും ദയാനന്ദന്‍ നാരങ്ങോളിയുടെ മകള്‍ കാശ്മീരയുടേയും വിവാഹം നടന്നത് നാടകീയമായി. വിവാഹവേദിയില്‍ വെച്ച് ജ്യേഷ്ഠന്‍ ഛന്ദസിന്റെ നാടകപുസ്തകം മുന്നറിയിപ്പില്ലാതെ പ്രകാശനം ചെയ്തതോടെ ചടങ്ങ് അനിയനുള്ള വിവാഹ സമ്മാനമായും മാറി.
'മീശപ്പുലിമലയും മറ്റ് മൂന്ന് ഏകാങ്കങ്ങളും' എന്ന പുസ്തകത്തിന്റെ പ്രകാശനമായിരുന്നു നടന്നത്. സാഹിത്യകാരന്മാരായ കല്പറ്റ നാരായണനും വി ആര്‍ സുധീഷും ചേര്‍ന്ന് പൂന്താനം കവിതാ അവാര്‍ഡ് ജേതാവ് രാജഗോപാലന്‍ നാട്ടുകല്ലിനും ദയാനന്ദന്‍ നാരങ്ങോളിക്കും പുസ്തകത്തിന്റെ ആദ്യ പ്രതി കൈമാറി.

 കോഴിക്കോടിന്റെ നാടക സംസ്‌കാരത്തെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തിയ 'നാടകഗ്രാമ'മാണ് പുസ്തകത്തിന്റെ പ്രസാധകര്‍. സോമന്‍ കടലൂര്‍, സജീവ് കീഴരിയൂര്‍, ഗിരീഷ് കളത്തില്‍ എന്നിവരാണ് പുസ്തകത്തിലേക്കുള്ള ചിത്രങ്ങള്‍ വരച്ചത്. അവതാരിക ഡോ. ശ്രീകുമാറിന്റെതാണ്. 

Content Highlights : drama book Release on wedding stage by v r sudheesh kalpetta narayanan