പാലക്കാട്: സാഹിത്യ നിരൂപകനും മാര്‍ക്‌സിസ്റ്റ് ചിന്തകനും ഇംഗ്ലീഷ് അധ്യാപകനുമായിരുന്ന ഡോ. വി. സുകുമാരന്‍ (85) അന്തരിച്ചു. വാണിയംകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്. മരുമകന്‍ വി.എന്‍. പ്രസാദിന്റെ ഷൊര്‍ണൂര്‍ കയിലിയാട്ടെ വസതിയില്‍ കഴിഞ്ഞദിവസമാണ് എത്തിയത്. കോഴിക്കോട് മലാപ്പറമ്പ് ഗിരിനഗര്‍ കോളനിയിലെ എ 5 'സുരഭി'യിലായിരുന്നു താമസം.

പരേതരായ റാവുസാഹിബ് എം.പി. നാരായണന്‍നായരുടെയും മുടപ്പല്ലൂര്‍ വാവുള്ളിപ്പതി കല്യാണിക്കുട്ടിയമ്മയുടെയും മകനാണ്. പുരോഗമന കലാസഹിത്യസംഘം സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. നിരൂപണരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമിയുടെ പ്രത്യേകപുരസ്‌കാരം, 2006-ലെ നിരൂപണത്തിനുള്ള ശക്തി-തായാട്ട് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പാലക്കാടന്‍ നാട്ടുഭാഷയുടെ വാമൊഴിച്ചന്തം പകര്‍ന്ന രചനകള്‍ ശ്രദ്ധേയനാക്കി. ഇംഗ്ലീഷ് ഭാഷാപഠനത്തിന് തുടക്കക്കാരെപോലും സഹായിക്കുന്നവിധത്തില്‍ 'മാതൃഭൂമി' തൊഴില്‍വാര്‍ത്തയില്‍ 'ഹൗ ടു ഫാളിന്‍ ലൗ വിത്ത് ഇംഗ്ലീഷ്' എന്ന പംക്തി കൈകാര്യംചെയ്തു. പിന്നീട് ഇത് പുസ്തകവുമായി.

ദ എപിക് ദാറ്റ് ഈസ് ഇംഗ്‌ളീഷ്, ദ എംപയര്‍ ഓഫ് ഇംഗ്ലീഷ്, ദ റൊമാന്‍സ് ഓഫ് വേഡ്‌സ്, ക്രുവല്‍റ്റി ടുവേഡ്‌സ് ഷേക്‌സ്പിയര്‍, വി.ടി. ഭട്ടതിരിപ്പാട്-ആധുനികതയുടെ അക്ഷരമാല, കുഞ്ചന്‍ ചിരിയുടെ രണ്ടാംവരവ്, അക്ഷര അഗ്‌നി, മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രം; നവസിദ്ധാന്തങ്ങള്‍, സ്ത്രീ എഴുത്തും വിമോചനവും, ബിലാത്തിവിശേഷം; പുതിയപാഠം, വെള്ളാനയുടെ നാട് തുടങ്ങിയ കൃതികളുടെ രചയിതാവാണ്.

1936 സെപ്റ്റംബര്‍ 30-ന് ചെന്നൈയിലായിരുന്നു ജനനം. ആലത്തൂര്‍ എന്‍.ഇ. ഹൈസ്‌കൂള്‍, മദ്രാസ്-കേരള സര്‍വകാശാലകളിലായിട്ടായിരുന്നു പഠനം. തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. ഇന്ത്യയ്ക്കകത്തും വിദേശത്തും വിവിധ സര്‍വകലാശാലകളില്‍ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിച്ചു. ദമനിലെ കേന്ദ്ര സര്‍വകലാശാലയില്‍ പ്രൊഫസറും വകുപ്പ് അധ്യക്ഷനുമായിട്ടാണ് വിരമിച്ചത്. ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങളുടെയും രചയിതാവാണ്. ആനുകാലികങ്ങളില്‍ പതിവായി കോളങ്ങള്‍ എഴുതിയിരുന്നു.

ഭാര്യ: പരേതയായ കുമുദം സുകുമാരന്‍ (കഥാകൃത്ത്). മക്കള്‍: ഡോ. അജിത്ത് സുകുമാരന്‍ (യു.കെ.), അനൂപ് സുകുമാരന്‍ (ബാങ്കോക്ക്). മരുമക്കള്‍: ഡോ. രജിത, ദീപ. സഹോദരങ്ങള്‍: പരേതരായ വി. കൃഷ്ണന്‍കുട്ടിനായര്‍, ലക്ഷ്മിക്കുട്ടി, കനകലത, സുശീല. ശവസംസ്‌കാരം പിന്നീട്.

Content Highlights: Dr V Sukumaran passed away