കോഴിക്കോട്: മലയാളം ശ്രേഷ്ഠഭാഷയായി വളരുകയും പുഷ്ടിപ്പെടുകയും ചെയ്തതെങ്ങനെയെന്ന് ആധ്യാത്മിക വീക്ഷണകോണിലൂടെ അന്വേഷിക്കുന്ന ഗ്രന്ഥമാണ് 'ആധ്യാത്മികസാഹിത്യചരിത്ര'മെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അഭിപ്രായപ്പെട്ടു. യശഃശരീരനായ ഡോ. സി.കെ. ചന്ദ്രശേഖരന്‍ നായര്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഗ്രന്ഥം കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റ് ബോര്‍ഡ് അംഗം ഡോ. കെ. മുരളീധരനുനല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധ്യാപകന്‍, പ്രഭാഷകന്‍, സാഹിത്യകാരന്‍ എന്നീനിലകളിലെല്ലാം മികവുതെളിയിച്ച ചന്ദ്രശേഖരന്‍ നായര്‍ മലയാളഭാഷയുടെ രൂപഭാവപരിണാമത്തെക്കുറിച്ച് നൂതനമായ അന്വേഷണമാണ് നടത്തുന്നത്. ആധ്യാത്മികചിന്തയുടെ സ്ഫരുണമില്ലാത്ത സാഹിത്യകൃതികള്‍ കുറവാണെന്ന് ഈ ഗ്രന്ഥം വായിക്കുമ്പോള്‍ നാം തിരിച്ചറിയുന്നു. ഈശ്വരസ്തുതിയോ വന്ദനമോ ഒന്നും നേരില്‍ പ്രകടമല്ലാത്ത കൃതികളിലും ആധ്യാത്മികതയുണ്ട്. ജീവിതത്തെ തത്ത്വചിന്തയുമായി ബന്ധിപ്പിക്കുന്നതാണ് ആധ്യാത്മികത. ഭാഷയുടെ വളര്‍ച്ചാചരിത്രത്തില്‍ ഈ ഘടകം പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന സമഗ്രപരിശോധനയാണ് ഈ കൃതിയെ സവിശേഷമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭൂമി ബുക്‌സ് ക്രിസ്മസ്-പുതുവത്സര പുസ്തകോത്സവത്തിന്റെ ഭാഗമായി കെ.പി. കേശവമേനോന്‍ ഹാളിലായിരുന്നു പ്രകാശനച്ചടങ്ങ്.

ഡോ. കെ. മുരളീധരന്‍, കാലിക്കറ്റ് സര്‍വകലാശാല മലയാളവിഭാഗം തലവന്‍ ഡോ. ആര്‍.വി.എം. ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. സി.കെ. ചന്ദ്രശേഖരന്‍ നായരുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

Content Highlights: Dr V P Joy releases the book ashyatmikasahithyacharitram by C K Chandrasekharan nair