ത്തന്‍ ടാറ്റയുമായി നൂറുതവണ അഭിമുഖം, ടാറ്റയുടെ അമേരിക്കക്കാരിയായ ആദ്യ പ്രണയിനിയുള്‍പ്പെടെ നൂറ്റിനാല്‍പതോളം പേരുമായുള്ള മറ്റ് അഭിമുഖങ്ങള്‍...മൂന്നര വര്‍ഷമാണ് മലയാളിയായ ഡോ. തോമസ് മാത്യു ഐ.എ.എസ് ഇന്ത്യ കണ്ട ഏറ്റവും മഹാനായ വ്യവസായിയുടെ ജീവചരിത്രം തയ്യാറാക്കാനായി മാറ്റി വെച്ചത്. ഒടുവില്‍ ഇന്ത്യന്‍ പ്രസാധനരംഗം കണ്ട ഏറ്റവും വലിയ പ്രതിഫലത്തോടെ ഹാര്‍പര്‍ കോളിന്‍സ് പുസ്തകവും സ്വന്തമാക്കി. രണ്ടുകോടിയാണ് രത്തന്‍ ടാറ്റയുടെ ജീവചരിത്രത്തിന് ഹാര്‍പര്‍ കോളിന്‍സ് നല്‍കിയ തുക. മൂന്നുപതിറ്റാണ്ടിന്റെ ബന്ധമാണ് ടാറ്റയുമായി തോമസ് മാത്യുവിനുള്ളത്. തന്നെക്കുറിച്ചുള്ള വിശദാംശങ്ങളുടെ ഫയലുകളും വാര്‍ത്തകളും ഓര്‍മകളും അറിവുകളും ബന്ധങ്ങളും എല്ലാം തോമസ് മാത്യുവിന് സമര്‍പ്പിക്കുകയായിരുന്നു അക്ഷരാര്‍ഥത്തില്‍ രത്തന്‍ ടാറ്റ.

'രത്തന്‍ എന്‍.ടാറ്റ' എന്നു പേരിട്ടിരിക്കുന്ന ജീവചരിത്രം ഈ വര്‍ഷം നവംബര്‍ മാസത്തോടെ പുറത്തിറങ്ങും. പുസ്തകത്തിന്റെ പണികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. അച്ചടി, ഓഡിയോ ബുക്, ഇ ബുക് തുടങ്ങിയ സാധ്യതകള്‍ എല്ലാം തന്നെ ഉപയോഗിക്കുമെന്ന് ഹാര്‍പര്‍ കോളിന്‍സ് വിശദമാക്കുന്നു. രത്തന്‍ ടാറ്റ എന്ന വ്യവസായിയുടെ ആദ്യനാളുകള്‍, വ്യവസായത്തിലേക്കുള്ള പിച്ചവെക്കല്‍, വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ അമേരിക്കയിലെ ജീവിതം, തിരികെ ഇന്ത്യയില്‍ വന്നതിനുശേഷമുള്ള ടാറ്റാ കമ്പനിയുടെ ശൈശവദശകള്‍ തുടങ്ങി ടാറ്റ ഇന്നു കൈവരിച്ചിരിക്കുന്ന ശേഷികളത്രയും പടിപടിയായി ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

Ratan Tata, Dr. Thomas Mathew IAS
രത്തന്‍ ടാറ്റയും ഡോ. തോമസ് മാത്യു ഐ.എ.എസ്സും

ബിസിനസിന്റെ ആരംഭദശകളില്‍ നേരിട്ട അനുഭവങ്ങളില്‍ നിന്നുതുടങ്ങി ഇന്ത്യയുടെ സംരംഭകത്വമുഖമായി മാറിയ ടാറ്റയെ ഏറ്റവും അടുത്ത് പരിചയപ്പെടാനുള്ള ജാലകം കൂടിയാണ് ഈ ജീവചരിത്രം. ഇന്ത്യയുടെ ഏറ്റവും മുതിര്‍ന്നതും വലുതുമായ വ്യവസായകേന്ദ്രത്തിന്റെ അധിപന്റെ ജീവിതം എന്ന നിലയില്‍ നോക്കുമ്പോള്‍ ഇന്ത്യയുടെ തന്നെ വ്യവസായ വളര്‍ച്ചയുടെ ഗ്രാഫ് ഈ ജീവചരിത്രത്തില്‍ നിന്നും വരച്ചെടുക്കാന്‍ സാധിക്കുമെന്ന് പ്രസാധകര്‍ അഭിപ്രായപ്പെടുന്നു.   

thomas mathew
തോമസ് മാത്യു എറണാകുളം കലക്ടറായിരുന്നപ്പോൾ (1993)

ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ 1983 ബാച്ചുകാരനായ തോമസ് മാത്യു എറണാകുളം കാര്‍ത്തികപ്പള്ളി വലിയ വീട്ടില്‍ പരേതരായ പി. മാത്യുവിന്റെയും കുഞ്ഞന്നാമ്മ മാത്യുവിന്റെയും മകനാണ്. ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദവും നേടിയ തോമസ് മാത്യു തന്റെ സര്‍വീസ് കാലയളവത്രയും സര്‍ഗാത്മകമായും ക്രിയാത്മകമായും ഉപയോഗിച്ച വ്യക്തിത്വമാണ്. അനവധി ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കയും വിഷയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട. ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം, ധനകാര്യം, വ്യവസായം തുടങ്ങിയ വകുപ്പുകളിലായി സേവനമനുഷ്ഠിച്ച അദ്ദേഹം പ്രതിരോധമന്ത്രാലയത്തിനു വേണ്ടി ധാരാളം പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിലൂടെ ശ്രദ്ധേയമായി.
 

Thomas Mathew IAS and Children
ഡോതോമസ് മാത്യു, ദിവ്യ തോമസ്, ജോര്‍ജ് തോമസ്, വളർത്തുനായ കൈസർ

ഇന്ത്യന്‍ മുതലാളിത്ത വ്യവസായ മേഖലകളില്‍ യോഗ്യരായ വിദേശനിക്ഷേപകരുടെ പങ്കാളിത്തം കൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ക്കു രൂപം നല്‍കിയതും തോമസ് മാത്യു ആണ്.ഇന്‍ സേര്‍ച് ഓഫ് കോണ്‍ഗ്രുവന്‍സ്: ഇന്ത്യ-യു.എസ് റിലേഷന്‍സ് അണ്ടര്‍ ദ ഒബാമ അഡ്മിനിസ്‌ട്രേഷന്‍, ദ വിങ്ഡ് വണ്ടേഴ്‌സ് ഓഫ് രാഷ്ട്രപതിഭവന്‍, അബോഡ് അണ്ടര്‍ ദ ഡോം തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. പ്രണബ് മുഖര്‍ജി പ്രസിഡണ്ടായിരുന്നപ്പോള്‍ ലോക നേതാക്കളെ സന്ദര്‍ശിക്കുന്ന വേളയില്‍ തോമസ് മാത്യുവിന്റെ പുസ്തകങ്ങളായിരുന്നു അദ്ദേഹം ലോകനേതാക്കള്‍ക്ക് സമ്മാനമായി നല്‍കിയിരുന്നത്. ന്യൂയോര്‍ക്കില്‍ ജോലി ചെയ്യുന്ന ദിവ്യ തോമസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ സേവനമനുഷ്ഠിക്കുന്ന ജോര്‍ജ് തോമസ് എന്നിവരാണ് മക്കള്‍.

Content Highlights :Dr Thomas Mathew ias writes the biography of Ratan Tata