മാതൃഭൂമി ബുക്സ് പുറത്തിറക്കുന്ന ഡോ. എം. ലീലാവതിയുടെ ആത്മകഥ ‘ധ്വനി പ്രയാണ’ത്തിന്റെ മുഖചിത്രം ഡോ. സുലോചന നാലപ്പാട്ട്, ലീലാവതി ടീച്ചർക്ക് കൈമാറുന്നു. ഡോ. രതി മേനോൻ സമീപം. | Photo: Mathrubhumi
കൊച്ചി: ഡോ. എം. ലീലാവതിയുടെ ആത്മകഥയായ 'ധ്വനിപ്രയാണ'ത്തിന്റെ മുഖചിത്രം പ്രകാശനം ചെയ്തു. എഴുത്തുകാരിയുടെ 96-ാം പിറന്നാള്‍ ദിനമായ ശനിയാഴ്ചയാണ് പ്രകാശനചടങ്ങ് നടന്നത്. തൃക്കാക്കരയിലെ വീട്ടില്‍ ലീലാവതിക്ക് ആത്മകഥയുടെ കവര്‍ കൈമാറിയത് എഴുത്തുകാരിയായ ഡോ. സുലോചന നാലപ്പാട്ടാണ്. ഒരുപാട് പുസ്തകങ്ങള്‍ക്ക് നടുവില്‍ ഒരു പുസ്തകത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന ഡോ. ലീലാവതിയാണ് പുസ്തകത്തിന്റെ മുഖചിത്രം. അടിക്കുറിപ്പായി 'സാഹിത്യ നിരൂപണത്തില്‍ ഒരു പെണ്ണിന്റെ സാഹസ സഞ്ചാരങ്ങള്‍'എന്ന വിശേഷണം.
അപൂര്‍വമായ ആ നിമിഷത്തില്‍ എന്തെങ്കിലും പറയണമെന്ന് കൂടെയുണ്ടായിരുന്നവര്‍ ഓര്‍മിപ്പിച്ചപ്പോള്‍ ടീച്ചറുടെ വാക്കുകള്‍ ഇങ്ങനെ: 'പുസ്തകം സ്വയം സംസാരിക്കില്ലേ...പിന്നെ ഞാനെന്തിനാ പറയുന്നത്.'
''ആത്മകഥയെഴുതണമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. സാഹചര്യവശാല്‍ എഴുതിപ്പോയതാണ്. അശുഭകരമായ പല സത്യങ്ങളുമുള്ളതുകൊണ്ട് ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ അത് പുറത്തുവരേണ്ട എന്നായിരുന്നു തോന്നല്‍. എല്ലാം ഈശ്വരനിശ്ചയം. നിയതിയാണ് എല്ലാം നിശ്ചയിക്കുന്നതെന്നാണ് ഇപ്പോള്‍ തോന്നുന്നത്''-ഡോ. എം. ലീലാവതി പറഞ്ഞു. ''മാതൃഭൂമിയിലാണ് എഴുത്തിന്റെ തുടക്കം. അതുകൊണ്ട് പുസ്തകം മാതൃഭൂമിയിലൂടെ തന്നെ പുറത്തുവരുന്നു എന്നത് ചാരിതാര്‍ഥ്യമുണ്ടാക്കുന്ന കാര്യമാണ്''-ടീച്ചര്‍ പറഞ്ഞു
'ധ്വനിപ്രകാരം' എന്നപേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഡോ. എം. ലീലാവതി എഴുതിയ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമാണ് 'ധ്വനിപ്രയാണം'എന്ന പുതിയ പുസ്തകം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ഡിസംബറില്‍ വായനക്കാരിലെത്തും.
.jpg?$p=b4f3062&&q=0.8)
ലീലാവതിയുടെ മകന്‍ വിനയകുമാറും മരുമകള്‍ ബാലാമണിയും കുടുംബ സുഹൃത്ത് ഡോ. രതി മേനോനും കവര്‍പ്രകാശനത്തിന് സാക്ഷികളായി. മാതൃഭൂമി റീജണല്‍ മാനേജര്‍ പി. സിന്ധു ടീച്ചര്‍ക്ക് പൂക്കൂട നല്‍കി. മാതൃഭൂമി ബുക്‌സിന്റെ ഉപഹാരം പബ്ലിസിസ്റ്റ് ജോര്‍ജി തോമസ് സമര്‍പ്പിച്ചു.
രാവിലെ മുതല്‍ ഡോ. എം. ലീലാവതിക്ക് ആശംസകളുമായി ഒരുപാടുപേര്‍ എത്തി. മന്ത്രി പി. രാജീവ് പൊന്നാടയണിയിച്ചു. ബാലചന്ദ്രന്‍ ചുള്ളിക്കാട് ഭാര്യ വിജയലക്ഷ്മിക്കൊപ്പമാണ് വന്നത്. ''അവര്‍ രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോള്‍ എനിക്ക് വലിയ സന്തോഷമായി''-മഹാരാജാസിലെ പഴയ അധ്യാപിക പറഞ്ഞു. ഉമ തോമസ് എം.എല്‍.എ.യും വീട്ടിലെത്തി മധുരം നല്‍കി. ലീലാവതിക്ക് 1976-ല്‍ സോവിയറ്റ് ലാന്‍ഡ് അവാര്‍ഡ് നേടിക്കൊടുത്ത, മിഖായേല്‍ ഷോളോഖോവിന്റെ നോവലുകളെക്കുറിച്ചുള്ള പഠനമായ 'വിശ്വോത്തരമായ വിപ്ലവേതിഹാസം' എന്ന പുസ്തകത്തിന്റെ പഴയ കോപ്പിയായിരുന്നു സി.ഐ.സി.സി. ജയചന്ദ്രന്റെ സമ്മാനം.
Content Highlights: Dr. M. Lleelavathi, Autobiography, Dhwaniprayaanam, Cover release, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..