തിരുവനന്തപുരം: ഈ വര്‍ഷത്തെ ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം. ലീലാവതിക്ക്.  മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. 

സി. രാധാകൃഷ്ണന്‍ അധ്യക്ഷനും പ്രഭാവര്‍മ, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. സുഗതകുമാരി, എം.ടി. വാസുദേവന്‍ നായര്‍, അക്കിത്തം എന്നിവര്‍ക്കാണ് നേരത്തെ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. നാലാമത്തെ പുരസ്കാരമാണ് ഡോ.എം ലീലാവതിക്ക് ലഭിച്ചിരിക്കുന്നത്.

പ്രസാദാത്മകമായ ആസ്വാദനത്തിന്റെ ഭാവാത്മകമായ ശൈലിയിലൂടെ രചനകളുടെ മാധുര്യം അനുവാചകനെ അനുഭവിപ്പിക്കുന്ന സവിശേഷ ശൈലി കൊണ്ട് മലയാള സാഹിത്യ നിരൂപണ ചരിത്രത്തില്‍ മികവോടും തെളിമയോടുംകൂടി ലീലാവതി ടീച്ചര്‍ വേറിട്ട് ഉയര്‍ന്നുനില്‍ക്കുന്നുവെന്ന് സമിതി വിലയിരുത്തി.

അധ്യാപിക, കവി, ജീവചരിത്രരചയിതാവ്, വിവര്‍ത്തക, തുടങ്ങി വിവിധങ്ങളായ തലങ്ങളില്‍ ഡോ.എം ലീലാവതി ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വര്‍ണരാജി, അമൃതമശ്നുതേ, മലയാളകവിതാസാഹിത്യ ചരിത്രം, ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍, അപ്പുവിന്റെ അന്വേഷണം, നവതരംഗം, വാത്മീകി രാമായണ വിവര്‍ത്തനം, തുടങ്ങിയവയാണ് പ്രധാന കൃതികള്‍

പുരസ്‌കാരം, കൊച്ചിയിലെ വസതിയില്‍ എത്തി സമര്‍പ്പിക്കുമെന്ന് ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

Content Highlights: Dr. M Leelavathy wins ONV literature award