കൊച്ചി: മഴയുടെ നനവ് മാറാത്ത അലമാരയില്‍ നിന്നെടുത്ത 'ജി. ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു' എന്ന പുസ്തകത്തിന്റെ താളുകള്‍ക്കിടയിലാണ് പി.ടി. തോമസ് എം.എല്‍.എ. ആ ചിത്രം കണ്ടത്. ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം അദ്ദേഹം നീട്ടുമ്പോള്‍ ലീലാവതി ടീച്ചര്‍ മങ്ങിയ കാഴ്ചയിലും പറഞ്ഞു...''ഇതു എന്റെ അനിയന്‍ രാധാകൃഷ്ണന്റെയും ശ്രീദേവിയുടെയും ചിത്രമാണല്ലോ...''

വീട്ടില്‍ വെള്ളംകയറി ദുരിതത്തിലായ സാഹിത്യകാരി എം. ലീലാവതിയുടെ കഥയറിഞ്ഞാണ് ശിഷ്യര്‍ ടീച്ചറെ കാണാനെത്തിയത്. 'മാതൃഭൂമി' പ്രസിദ്ധീകരിച്ച വാര്‍ത്ത കണ്ട് പി.ടി. തോമസ് എം.എല്‍.എ., ഗാനരചയിതാവ് ആര്‍.കെ. ദാമോദരന്‍, സാഹിത്യകാരന്‍ കൃഷ്ണന്‍ ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ എത്തിയപ്പോള്‍ ടീച്ചര്‍ക്ക് സന്തോഷം.

''അര നൂറ്റാണ്ടിനു മുമ്പ് അച്ഛനും അമ്മയും ഞങ്ങളുംകൂടി താമസം തുടങ്ങിയ വീടാണിത്. അച്ഛന്റെ മരണശേഷം അമ്മയും ചെറിയമ്മയും അച്ഛന്റെ ചേച്ചിയും കൂടിയായാണ് കഴിഞ്ഞത്. അവര്‍ രണ്ടു പേരും മരിച്ചശേഷവും ഒറ്റയ്ക്കു ഈ വീട്ടില്‍ കഴിയാനായിരുന്നു അമ്മയ്ക്ക് ഇഷ്ടം. ഇവിടെനിന്ന് ഇറങ്ങില്ലെന്നാണ് അമ്മ എപ്പോഴും പറയാറുള്ളത്...'' മകന്‍ വിനയന്‍ അമ്മയുടെ കാര്യം പറഞ്ഞു. എന്നിട്ടും ശിഷ്യര്‍ സ്നേഹപൂര്‍വം നിര്‍ബന്ധിച്ചപ്പോള്‍ ലീലാവതി ടീച്ചര്‍ വിനയന്റെ വീട്ടിലേക്കു മാറാമെന്ന് സമ്മതിച്ചു.

പുതിയ വീട്ടില്‍ പുസ്തകങ്ങളെല്ലാം ഒരു മുറിയില്‍ ലൈബ്രറിപോലെ സജ്ജീകരിക്കാമെന്ന് പി.ടി. തോമസ് എം.എല്‍.എ.യും കൂടെയുണ്ടായിരുന്ന വാര്‍ഡ് കൗണ്‍സിലര്‍ മാര്‍ട്ടിന്‍ തായങ്കേരിയും പറഞ്ഞപ്പോള്‍ ടീച്ചറുടെ മുഖത്ത് ആശ്വാസത്തിന്റെ ചിരി. ശിഷ്യന്മാര്‍ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ടീച്ചര്‍ ജാലകത്തിലൂടെ പുറത്തേക്കു നോക്കി പറഞ്ഞു- ''വീണ്ടും മഴവരുന്നുണ്ടെന്നാണ് തോന്നുന്നത്. മഴ വന്നാല്‍ എന്റെ പുസ്തകങ്ങള്‍...'

Content Hghlights: Dr M Leelavathi house flood Books