ambaകാസര്‍ഗോഡ്: ഡോ.ബി. പ്രഭാകര ശിശില കന്നഡയില്‍ എഴുതിയ 'പുംസ്ത്രീ' എന്ന നോവലിന്റെ മലയാള വിവര്‍ത്തനമായ 'അംബ' പ്രകാശനം ചെയ്തു. പുസ്തകം ഉത്തരമേഖല കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ.വി.ഗോപിനാഥന് നല്‍കി വിവര്‍ത്തകന്‍ കെ.വി.കുമാരനാണ് പ്രകാശനം നിര്‍വഹിച്ചത്.

മഹാഭാരതത്തിലെ അംബ എന്ന കഥാപാത്രത്തിന്റെ സ്ത്രീ പക്ഷ വായനയാണ് ഈ നോവല്‍. കന്നഡയിലും ഇംഗ്ലീഷിലുമായി നൂറോളം പുസതകങ്ങളുടെ രചയിതാവാണ് ഡോ. ബി പ്രഭാകര ശിശില. കാസര്‍ഗോഡ് സ്വദേശിയാണ് വിവര്‍ത്തകനായ കെ.വി.കുമാരന്‍.

മഹാഭാരതത്തിന്റെ കഥകള്‍ക്ക് പുതുരൂപം നല്കിക്കൊണ്ടുള്ള പുനരാഖ്യാനമായ ഈ കൃതി പൗരാണികകാലത്തെ മൂല്യങ്ങള്‍, സംസ്‌കാരം, രാജത്വം, വര്‍ണം, വംശശുദ്ധി, ജാതിബന്ധങ്ങള്‍, സ്ത്രീകളുടെ ത്യാഗമനോഭാവം എന്നിവയെ പുതിയൊരു വീക്ഷണകോണിലൂടെ വിമര്‍ശനവിധേയമാക്കുന്നു.

അംബ, ഭീഷ്മര്‍ എന്നീ മഹാഭാരതകഥാപാത്രങ്ങളുടെ വ്യത്യസ്തവും സമാന്തരവുമായ ജീവിതത്തെ കേന്ദ്രീകരിച്ച് പ്രഭാകര ശിശില രചിച്ച പുംസ്ത്രീ ഏറെ വായിക്കപ്പെട്ട പുസ്തകമാണ്. മാതൃഭൂമി ബുക്‌സിന്റെ ഷോറൂമുകളിലും വെബ്‌സൈറ്റിലും പുസ്തകം ലഭ്യമാകും.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Dr B Prabhakara Shishila Novel Malayalam translation book release