കണ്ണൂര്‍:പരിഷ്‌കൃതസമൂഹം സമൂലം പാര്‍ശ്വവത്കരിച്ച വിഭാഗമാണ് ആദിവാസികളെന്നും ലോകത്തെല്ലായിടത്തും അവരുടെ സ്ഥിതി ഇതുതന്നെയാണെന്നും കഥാകൃത്ത് ടി. പത്മനാഭന്‍ പറഞ്ഞു.

'മാതൃഭൂമി' ചീഫ് റിപ്പോര്‍ട്ടര്‍ ദിനകരന്‍ കൊമ്പിലാത്തിന്റെ പുസ്തകം 'റൈറ്റിങ് പാഡ്' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം നടന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അതിന്‍മേല്‍ ഒന്നും നടന്നില്ല. മാറിമാറി ആരു ഭരിച്ചാലും ഇനിയൊന്നും നടക്കാനും പോകുന്നില്ല -അദ്ദേഹം പറഞ്ഞു.

ചേംബര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍ പുസ്തകം ഏറ്റുവാങ്ങി. 'മാതൃഭൂമി' ഡെപ്യൂട്ടി എഡിറ്റര്‍ പി.പി. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുഖ്യാതിഥിയായിരുന്നു. 'മാതൃഭൂമി' ബ്യൂറോ ചീഫ് കെ. ബാലകൃഷ്ണന്‍ പുസ്തകപരിചയം നടത്തി.

'മാതൃഭൂമി' ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രന്‍, സര്‍ക്കസ് ആചാര്യന്‍ ജെമിനി ശങ്കരന്‍, കണ്ണൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ.കെ. ഹാരിസ്, ബാലകൃഷ്ണന്‍ കൊയ്യാല്‍, യു. ബാബു ഗോപിനാഥ്, താഹ മാടായി, ഒ.സി. മോഹന്‍രാജ്, എ. ദാമോദരന്‍, സുകുമാരന്‍ പെരിയച്ചൂര്‍, ജി.വി. രാകേശ് എന്നിവര്‍ സംസാരിച്ചു. ദിനകരന്‍ കൊമ്പിലാത്ത് മറുപടി പ്രസംഗം നടത്തി. ജി.വി. ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

Content Highlights: Dinakaran Kombilath's book Writing Pad released by T. Padmanabhan