പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റെ പുസ്തകമായ നിറക്കൂട്ടുകളില്ലാതെ നടൻ മമ്മൂട്ടി പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ പുസ്തകം ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി പ്രകാശനം ചെയ്തത്. വെറും വായനയ്ക്കപ്പുറത്തേക്ക് ഒരു കാലഘട്ടത്തിന്റെ സിനിമയുടെ ചരിത്രമാണ് ഈ പുസ്തകമെന്ന് മമ്മൂട്ടി പറഞ്ഞു.

സിനിമയെ ഭ്രാന്തമായി സ്‌നേഹിച്ച ഒരുപാട് സിനിമാ പ്രവര്‍ത്തകരുടെ ജീവനും രക്തവും ആത്മാവുമൊക്കെ ഈ പുസ്തകത്തില്‍ കാണാം. യഥാര്‍ഥ നിറങ്ങള്‍ തന്നെയാണ് ഈ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളിലുള്ളത്. നിറക്കൂട്ടുകളില്ലാതെ തന്നെയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫിന്റെ ഓര്‍മകളുടെ സമാഹാരമാണ് നിറക്കൂട്ടുകളില്ലാതെ. മാതൃഭൂമി ബുക്‌സ് ഷോറൂമുകളില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും പുസ്തകം വാങ്ങാന്‍ സാധിക്കും

മമ്മൂട്ടിയുടെ വാക്കുകള്‍

മലയാള സിനിമയില്‍ എം.ടി വാസുദേവന്‍ നായര്‍, ടി ദാമോദരന്‍, പത്മരാജന്‍, എസ്.എല്‍പുരം, തോപ്പില്‍ ഭാസി, കലൂര്‍ ഡെന്നീസ് അങ്ങനെ ഒരുപാട് പ്രതിഭാശാലികളായ തിരക്കഥാകൃത്തുക്കളുടെ ഇടയിലേക്കാണ് ഡെന്നീസ് ജോസഫ് എന്ന ചെറുപ്പക്കാരനായ തിരക്കഥാകൃത്ത് കടന്നുവരുന്നത്. അദ്ദേഹത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ പുതുമ നിറഞ്ഞതായിരുന്നു.

ഡെന്നീസുമായുള്ള എന്റെ പരിചയത്തിന് എന്റെ സിനിമാ ജീവിതത്തോളം പഴക്കമുണ്ട്. സിനിമയില്‍ സജീവമാകുന്ന കാലത്തിന് മുന്‍പേ ഞങ്ങള്‍ സിനിമയെ കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് ഞാന്‍ സിനിമയില്‍ എത്തിയശേഷം ഡെന്നീസ് എന്നോട് ഒരു കഥ പറയുകയും എനിക്കത് ഇഷ്ടമാവുകയും ചെയ്തു. ആ കഥയാണ് നിറക്കൂട്ടായി മാറുന്നത്. ഡെന്നീസ് കഥ പറയുമ്പോള്‍ തിരക്കഥാകൃത്തായി വേറെ ആളെയാണ് ഉദ്ദേശിച്ചിരുന്നത്. കഥ കേട്ട ശേഷം ഇത്രയും മനോഹരമായി കഥ പറയുന്ന നിങ്ങള്‍ക്ക് തന്നെ തിരക്കഥ എഴുതിക്കൂടെ എന്ന് ജോഷി ചോദിക്കുകയായിരുന്നു.

പിന്നീട് അദ്ദേഹം എഴുതിയ സിനിമകളെല്ലാം ഒന്നൊഴിയാതെ നിങ്ങളുടെ ഓര്‍മകളിലുണ്ടാവും. അത്തരത്തില്‍ വലിയ സിനിമ അനുഭവം ഉള്ളയാളാണ് ഡെന്നീസ് ജോസഫ്. അദ്ദേഹത്തിന്റെ അനുഭവങ്ങളും വീക്ഷണങ്ങളും കാഴ്ചപ്പാടുകളുമെല്ലാം അദ്ദേഹം സമീപകാലത്ത് ഒരു ടി.വി പരമ്പരയില്‍ പറഞ്ഞിരുന്നു. അതിപ്പോള്‍ പുസ്തകമായി പുറത്തിറങ്ങുകയാണ്. വെറുംവായനയ്ക്കപ്പുറത്തേക്ക് ഒരു കാലഘട്ടത്തിന്റെ സിനിമയുടെ ചരിത്രമാണ് ഈ പുസ്തകം. സിനിമയെ ഭ്രാന്തമായി സ്‌നേഹിച്ച ഒരുപാട് സിനിമ പ്രവര്‍ത്തകരുടെ ജീവനും രക്തവും ആത്മാവുമൊക്കെ ഈ പുസ്തകത്തില്‍ കാണാം. ഈ പുസ്തകത്തില്‍ പലപ്പോഴും ഞാനും ഒരു കഥാപാത്രമാണ്. തന്റെ അനുഭവങ്ങള്‍ വളരെ പച്ചയ്ക്കാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. നിറക്കൂട്ടുകളില്ലാതെ എന്നാണ് ഈ പുസ്തകത്തിന്റെ പേര്. യഥാര്‍ഥ നിറങ്ങള്‍ തന്നെയാണ് ഈ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളിലുള്ളത്. നിറക്കൂട്ടുകളില്ലാതെ തന്നെയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഡെന്നീസ് ജോസഫിന്റെ നിറക്കൂട്ടുകളില്ലാതെ എന്ന പുസ്തകം ഞാന്‍ നിങ്ങള്‍ക്കായി പ്രകാശനം ചെയ്യുന്നു.

പുസ്തകപ്രകാശനത്തിന്റെ വീഡിയോ കാണാം

Content Highlights: Dennis Joseph Malayalam book release by Mammootty