ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് പാഠഭാഗത്തില്‍നിന്ന് ജ്ഞാനപീഠജേത്രി മഹാശ്വേതാ ദേവിയുടെയും രണ്ട് ദളിത് എഴുത്തുകാരികളുടെയും കൃതികള്‍ നീക്കിയത് വിവാദത്തില്‍.

ബി.എ. ഇംഗ്ലീഷ് അഞ്ചാം സെമസ്റ്ററിനു പഠിപ്പിക്കേണ്ട ഭാഗങ്ങളാണ് നീക്കിയത്. ഇതിനെതിരേ 15 അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ എതിര്‍പ്പുമായി വൈസ് ചാന്‍സലറെ സമീപിച്ചെങ്കിലും തീരുമാനം മാറ്റിയിട്ടില്ല. വിഷയം ചൊവ്വാഴ്ച ചേരുന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി ചര്‍ച്ചചെയ്യും.

സിലബസ് പുനഃപരിശോധനാ സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്ന് മഹാശ്വേതാദേവിയുടെ 'ദ്രൗപദി' എന്ന നോവലിലെ ഭാഗമാണ് നീക്കിയത്. ജ്ഞാനപീഠത്തിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിനും അര്‍ഹമായ കൃതിയാണിത്.

സൈനിക ഉദ്യോഗസ്ഥരാല്‍ ബലാത്സംഗം ചെയ്യപ്പെട്ട ആദിവാസിസ്ത്രീയുടെ കഥയാണ് പറയുന്നത്. സൈന്യത്തെ മോശമായി ചിത്രീകരിക്കുന്നതാണ് ദ്രൗപദിയെന്ന് രജിസ്ട്രാര്‍ വികാസ് ഗുപ്ത കുറ്റപ്പെടുത്തി.

ദളിത് എഴുത്തുകാരികളായ ബാമ, സുകീര്‍ത്തരണി എന്നിവരുടെ പാഠഭാഗങ്ങളും ഒഴിവാക്കി. രാമായണത്തിന് ഫെമിനിസ്റ്റ് വ്യാഖ്യാനം നല്‍കിയെന്നാണ് ബാമയുടെ പാഠഭാഗം ഒഴിവാക്കാനുള്ള കാരണം. ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളെ തുടര്‍ന്ന് സുകീര്‍ത്തരണിയുടെ കൃതിയും റദ്ദാക്കി.

Content Highlights: Delhi University drops Mahasweta Devi’s ‘Draupadi’ from English syllabus