കോഴിക്കോട്: ആറാംക്ലാസിലെ അക്ഷരശ്ലോകമത്സരവിജയത്തിന്റെ ഓര്‍മയില്‍ മഹാകവി അക്കിത്തത്തിന്റെ പേരിലുള്ള പ്രഥമപുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ ഏറ്റുവാങ്ങി. അക്കിത്തത്തിന്റെ ഒന്നാം ശ്രാദ്ധത്തിന് തപസ്യ കലാസാഹിത്യവേദി ഏര്‍പ്പെടുത്തിയ ഒരുലക്ഷം രൂപയും കീര്‍ത്തിശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം എം.ടി.യുടെ വീട്ടിലെത്തിയാണ് അദ്ദേഹത്തിന് സമ്മാനിച്ചത്.

പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് അക്കിത്തത്തെക്കുറിച്ചുള്ള ഓര്‍മകളില്‍ എം.ടി. പഴയ സ്‌കൂള്‍കുട്ടിയായി- ''കുട്ടിക്കാലം മുതലേ അക്കിത്തത്തിന്റെ അനുഗ്രഹം എനിക്കുണ്ടായിരുന്നു. ഞാന്‍ ആറാംക്ലാസില്‍ പഠിക്കുമ്പോഴാണ്, അക്ഷരശ്ലോകമത്സരത്തില്‍ ചേര്‍ന്നു. മുതിര്‍ന്ന കുട്ടികളുമായാണ് മത്സരം. 'ണ'യില്‍ തുടങ്ങുന്ന ഒരു ശ്ലോകം കിട്ടിയാല്‍ ജയിക്കാം. അക്കിത്തത്തെ ചെന്നുകണ്ടു. രണ്ടോമൂന്നോ മിനിറ്റുകൊണ്ട് ശ്ലോകം പറഞ്ഞുതന്നു. മത്സരത്തില്‍ ഞാന്‍ ജയിക്കുകയും ചെയ്തു...''

കുമരനല്ലൂര്‍ സ്‌കൂളില്‍ ഈയിടെ പോയപ്പോള്‍, 'അക്കിത്തം ഇവിടെ നാടകം കളിച്ചിട്ടുണ്ടല്ലോ' എന്നോര്‍ത്തു. പൂര്‍വവിദ്യാര്‍ഥികള്‍ അവതരിപ്പിച്ചതായിരുന്നു നാടകം. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും അക്കിത്തത്തെ സമീപിക്കുകയും ഉപദേശവും സഹായവും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വായനയിലും എഴുത്തിലുമൊക്കെ നേരിട്ടും അല്ലാതെയും അദ്ദേഹം പ്രചോദനവും അനുഗ്രഹവും നല്‍കി. പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ കോളേജില്‍ ചേരാന്‍ പ്രായം തികഞ്ഞില്ലെന്നതിനാല്‍ ഒരു വര്‍ഷം എനിക്ക് വീട്ടിലിരിക്കേണ്ടിവന്നു. അക്കാലത്ത് അക്കിത്തത്തിന്റെ വീട്ടിലെ പത്തായപ്പുരയാണ് മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളിലേക്ക് നയിച്ചത്. ഇംഗ്ലീഷും വായിക്കണമെന്ന് പറഞ്ഞ് അവിടെവെച്ച് അദ്ദേഹം നല്‍കിയവയിലേറെയും ഇടതുപക്ഷസാഹിത്യമായിരുന്നു. 'ദി നോവല്‍ ആന്‍ഡ് ദി പീപ്പിള്‍', 'ഇല്യൂഷന്‍ ആന്‍ഡ് റിയാലിറ്റി' തുടങ്ങിയവയൊക്കെ അങ്ങനെ വായിച്ചതാണ്.

ഞങ്ങള്‍ ഒരേ ഗ്രാമത്തിലുള്ളവരാണ്. എനിക്ക് കുടുംബാംഗവും ജ്യേഷ്ഠനും ഗുരുവുമാണ് അക്കിത്തം. അദ്ദേഹം വിട്ടുപോയെന്നാലും എന്നെപ്പോലുള്ളവരുടെ മനസ്സില്‍ എന്നുമുണ്ട്. അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ട്'- എം.ടി. പറഞ്ഞു.

ചാലപ്പുറത്ത് നടന്ന 'അച്യുതസ്മൃതി'യില്‍ തപസ്യ പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനായി. കാവ്യചിത്രാഞ്ജലി ചിത്രകാരന്‍ മദനന്‍ ഉദ്ഘാടനംചെയ്തു. ആഷാ മേനോന്‍ അനുസ്മരണപ്രഭാഷണം നടത്തി. ശത്രുഘ്നന്‍, പി.ആര്‍. നാഥന്‍, പി.പി. ശ്രീധരനുണ്ണി, കെ.പി. ശശിധരന്‍, ഡോ. എന്‍.ആര്‍. മധു, പി. ബാലകൃഷ്ണന്‍, ലക്ഷ്മീനാരായണന്‍, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഗോപി കൂടല്ലൂര്‍, അനൂപ് കുന്നത്ത് എന്നിവര്‍ സംസാരിച്ചു. ചിത്ര ജയന്തനും സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ വിദ്യാര്‍ഥിനികളും അക്കിത്തം കാവ്യാഞ്ജലി നടത്തി.

Content Highlights ; Debut Akkitham Award Thapasya Kalasahithyavedi won by MT Vasudevan Nair