പുതിയ സംസ്ഥാനം എങ്ങനെയായിരിക്കണം?; കെ.പി. കേശവമേനോന്റെ ഭാവനയിലെ കേരളം


'ഐക്യകേരളമാണ് നമ്മുടെ ലക്ഷ്യം. അതിന്റെ അടിസ്ഥാനം ഐക്യംതന്നെ. വിവിധ സമുദായങ്ങളും മതസ്ഥരും തമ്മിലുള്ള ആത്മാര്‍ഥമായ ഐക്യം. അങ്ങനെയുള്ള ഒരു കേരളം നമുക്കു സൃഷ്ടിക്കണം'.

കെ.പി. കേശവമേനോൻ

സ്വാതന്ത്ര്യസമര നായകനും മാതൃഭൂമി സ്ഥാപകപത്രാധിപരുമായ കെ.പി. കേശവമേനോന്റെ ചരമവാര്‍ഷികദിനമാണിന്ന്. കേരളം നിലവില്‍ വന്നുകഴിഞ്ഞതിന്റെ ആഹ്ലാദാകാംക്ഷയില്‍ പുതിയ സംസ്ഥാനം എങ്ങനെയായിരിക്കണം എന്ന് തന്റെ ആത്മകഥയായ 'കഴിഞ്ഞകാല'ത്തില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു-

ആഗ്രഹിക്കുന്ന ഒരു കാര്യത്തിന്റെ ലബ്ധിക്കായി അക്ഷീണപരിശ്രമം ചെയ്യുന്നവന് ആ പരിശ്രമംതന്നെ അളവറ്റ ആനന്ദമുണ്ടാക്കുന്നു. ലക്ഷ്യസ്ഥലം എത്തിക്കഴിഞ്ഞാല്‍ ആഹ്‌ളാദം പൂര്‍ത്തിയായെന്നു തോന്നും. എന്നാല്‍, അതു സ്വല്പനേരത്തേക്കുമാത്രമാണ്. പിന്നെ അമ്പരപ്പാരംഭിക്കുകയായി. ഇനിയെന്താണ് ചെയ്യേണ്ടതെന്ന ആലോചന അയാളെ അലട്ടിത്തുടങ്ങുന്നു. അങ്ങനെയുള്ള ഒരു സ്ഥിതിയാണു കേരള സംസ്ഥാനത്തിന്റെ ആഗമനത്തോടുകൂടി നമ്മെ അഭിമുഖീകരിച്ചത്.കേരളസംസ്ഥാനം കൈവന്നുകഴിഞ്ഞു. ഇനിയോ? കേരളത്തെ അഭിവൃദ്ധിയിലേക്കുയര്‍ത്തുക സാധ്യമാണോ? അതിനുള്ള മാര്‍ഗമെന്താണ്? അഭിവൃദ്ധിക്കാവശ്യമായ പരിപാടിയെക്കുറിച്ചല്ല ഇവിടെ പറയാന്‍ പോകുന്നത്. അതുണ്ടാക്കാന്‍ സഹായിക്കുന്ന മനഃസ്ഥിതിയെപ്പറ്റിയാണ്. ഉത്സാഹം വേണ്ടുവോളം നമ്മുടെ ആളുകളില്‍ കാണുന്നുണ്ട്. സേവനത്തിനുള്ള താത്പര്യവും അവര്‍ക്കുണ്ട്. എന്താണ് ചെയ്യേണ്ടതെന്നറിയാതെ കൃത്യമൂഢരായിരിക്കുകയാണ് അവരില്‍ അധികവും പേര്‍. അതുകൊണ്ട് ആദ്യമായി ആവശ്യം ഒരു തെളിഞ്ഞ ലക്ഷ്യമാണ് -എന്താണു സാധിക്കേണ്ടത് എന്നതിനെക്കുറിച്ചു വിശദമായ ബോധം. ലക്ഷ്യം വെറും മോഹമായാല്‍ പോരാ. എത്രതന്നെ ആകര്‍ഷകമായിരുന്നാലും പ്രയത്‌നംകൊണ്ടു സാധ്യമല്ലാത്തതിനു മോഹിച്ചിട്ട് കാര്യമില്ല. ഏതു ലക്ഷ്യത്തെ ലാക്കാക്കിയിട്ടാണ് നാം ഇനി പ്രവര്‍ത്തിക്കേണ്ടത്?

ഇന്നു കാണുന്നതില്‍ നിന്ന് എത്രയോ വ്യത്യസ്തമാണ് എന്റെ ഭാവനയിലുള്ള പുതിയ കേരളം. ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും ലക്ഷണങ്ങളൊന്നും അവിടെയില്ല. ചെറ്റപ്പുരകളും പട്ടിണിപ്പാവങ്ങളും അവിടെ കാണുകയില്ല. പുതിയ വ്യവസായങ്ങളും വര്‍ധിച്ച കച്ചവടവും പരിഷ്‌കരിച്ച കൃഷിസമ്പ്രദായവും കേരളത്തിന്റെ മുഖം ഒട്ടാകെ മാറ്റിയിരിക്കുന്നു. പ്രാഥമികവിദ്യാലയങ്ങളില്ലാത്ത ഗ്രാമങ്ങളില്ല. മനോഹരങ്ങളായ പാര്‍ക്കുകളില്‍ ഓടിക്കളിക്കുന്ന കുട്ടികളുടെ എണ്ണവും അവരുടെ ആരോഗ്യവും മനസ്സിനാഹ്ലാദമുണ്ടാക്കുന്നു. പട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളിലും കാണുന്ന വൃത്തിയും വെടിപ്പും എടുപ്പുകളുടെ ഭംഗിയും വൈവിധ്യവും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ജനങ്ങളുടെ മര്യാദയും പെരുമാറ്റവും അതുപോലെ അവരെ സന്തോഷിപ്പിക്കുന്നു. ആശുപത്രികളുടെ എണ്ണവും സൗകര്യവും എത്രയോ കൂടിയിരിക്കുന്നു. കുറവുള്ളതു രോഗികള്‍ മാത്രം. സംതൃപ്തരായ തൊഴിലാളികള്‍ ജോലികഴിഞ്ഞു ഉടുപ്പുമാറ്റി വിനോദസ്ഥലങ്ങളില്‍ തിക്കിക്കൂടുന്ന കാഴ്ച എത്ര ആഹ്ലാദകരം! വിശാലമായ റോഡുകളില്‍ക്കൂടി അങ്ങുമിങ്ങും ഓടിക്കൊണ്ടിരിക്കുന്ന ആകര്‍ഷകമായ ബസുകള്‍, അവയിലെ യൂണിഫോം ധരിച്ച പ്രസന്നവദനരായ ജോലിക്കാര്‍, അങ്ങനെ കൗതുകമുള്ള കാഴ്ചകളെത്ര! യാത്രക്കാരുടെ സൗകര്യത്തിനായി അവിടവിടെ ഏര്‍പ്പെടുത്തിയിട്ടുള്ള ഭക്ഷണശാലകള്‍ മറ്റൊരു പുതുമയാണ്. ചുരുങ്ങിയ വിലയ്ക്ക് സുഖമായ ഭക്ഷണം ഇവിടെ ലഭിക്കുന്നു. ഈ സര്‍ക്കാരാപ്പീസുകളിലെ ക്രമവും ചിട്ടയും ആരെയും അദ്ഭുതപ്പെടുത്താതിരിക്കില്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ ക്ഷണത്തില്‍ നിറവേറ്റാനുള്ള ഉദ്യോഗസ്ഥരുടെ സന്നദ്ധതയും അങ്ങനെത്തന്നെ. സഞ്ചാരികളുടെ സ്വര്‍ഗമെന്നു കരുതപ്പെടുന്ന കേരളത്തില്‍ അവര്‍ക്കു കാണാനുള്ള സ്ഥലങ്ങള്‍ അനേകമാണ്. യാത്രയ്ക്കുള്ള സൗകര്യവും താമസത്തിനുള്ള സുഖവും കാഴ്ച സ്ഥലങ്ങളുടെ ഭംഗിയും എണ്ണമില്ലാത്ത സഞ്ചാരികളെ കേരളത്തിലേക്കാകര്‍ഷിക്കുന്നു. അതുതന്നെ പുതിയ സ്റ്റേറ്റിനു വലിയൊരു വരുമാനമുണ്ടാക്കുന്നുണ്ട്. ഇരന്നു നടക്കുന്നവരെയോ വിശന്നു വലയുന്നവരെയോ ഒരു നോക്കുകാണാന്‍കൂടി കിട്ടുന്നില്ല. വിനോദസ്ഥലങ്ങള്‍ വര്‍ധിച്ചിരിക്കുന്നു. വിനോദങ്ങളുടെ തരവും മാറിയിരിക്കുന്നു. എന്തെല്ലാം കളികളാണവിടെ കാണുന്നത് ! കൊല്ലന്തോറും തിരുനാവായയില്‍ നടക്കുന്ന കേരളകലോത്സവം കേരളത്തിലെ കേള്‍വികേട്ട മഹോത്സവമായിത്തീര്‍ന്നിട്ടുണ്ട്.

ഇങ്ങനെ ഭാവനയില്‍ കാണുന്നതുപോലെയുള്ള, സമ്പദ്സമൃദ്ധിയും സംസ്‌കാരശുദ്ധിയും വിളയാടുന്ന, ഐക്യകേരളമാണ് നമ്മുടെ ലക്ഷ്യം. അതിന്റെ അടിസ്ഥാനം ഐക്യംതന്നെ. വിവിധ സമുദായങ്ങളും മതസ്ഥരും തമ്മിലുള്ള ആത്മാര്‍ഥമായ ഐക്യം. അങ്ങനെയുള്ള ഒരു കേരളം നമുക്കു സൃഷ്ടിക്കണം.

കെ.പി. കേശവമേനോന്റെ ആത്മകഥ 'കഴിഞ്ഞകാലം'

ലക്ഷ്യം തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞാല്‍പ്പിന്നെ മാര്‍ഗങ്ങളെപ്പറ്റി ആലോചിക്കാം. തടസ്സങ്ങളെപ്പറ്റിയും ചിന്തിക്കേണ്ടതുണ്ട്. ഇടുങ്ങിയ വര്‍ഗീയ മനഃസ്ഥിതിയാണ് പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നതിനുള്ള വലിയ പ്രതിബന്ധം; മറ്റുള്ളവരുടെ അഭിപ്രായത്തെയും ഉദ്ദേശ്യശുദ്ധിയെയും മാനിക്കാനുള്ള ഒരുക്കമില്ലായ്മയും. അധ്വാനിച്ചു പ്രവര്‍ത്തിക്കാന്‍ ഉത്സാഹമുള്ളവര്‍കൂടി ഈവക ദോഷങ്ങള്‍ക്കു വിധേയരാകാറുണ്ട്. എനിക്ക്, എന്റെ കൂട്ടര്‍ക്ക്, എന്റെ ജാതിക്കാര്‍ക്ക് എന്ന വിചാരം ത്യജിച്ച് എന്റെ നാടിന്, പിന്നെമാത്രം എനിക്ക് എന്ന വിചാരം മനസ്സില്‍ പ്രവേശിക്കണം. ഏതു മതത്തിലുള്ളവരായാലും ശരി, എന്തഭിപ്രായക്കാരായാലും വേണ്ടതില്ല, നാട്ടുകാരുടെ പൊതുവായ താത്പര്യം സ്വന്തം താത്പര്യങ്ങള്‍ക്കുവേണ്ടി ബലികഴിക്കാതിരിക്കണം.

ആത്മവിശ്വാസവും ലക്ഷ്യസ്ഥലത്തെത്തിച്ചേരാന്‍ ആവശ്യമാണ്. പ്രാപ്തി ഉണ്ടായാല്‍ പോരാ; ഉത്സാഹമുണ്ടായാല്‍ പോരാ; ഉദ്ദിഷ്ടകാര്യം നേടാന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസവുമുണ്ടാകണം. ആത്മവിശ്വാസമുള്ള മനുഷ്യന് അദ്ഭുതാവഹമായ നേട്ടങ്ങളുണ്ടാകും. ബ്രിട്ടീഷാധിപത്യത്തില്‍ നാമെന്നും കഴിയേണ്ടിവരുമെന്നു വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. സുഖവും സ്വാതന്ത്ര്യവും വെള്ളക്കാര്‍ക്കുള്ളതാണ്, കഷ്ടപ്പാടും പരാധീനതയും മാത്രമാണ് നമ്മുടെ അനുഭവം എന്നു കുണ്ഠിതപ്പെട്ടിരുന്ന കാലം വിദൂരമല്ലായിരുന്നു. അതെല്ലാം ഇപ്പോള്‍ വെറും സ്മരണ മാത്രമായി. ഇതെങ്ങനെ സാധിച്ചു? ആത്മവിശ്വാസത്തോടുകൂടിയ പ്രവൃത്തികൊണ്ടല്ലേ?
- മറ്റൊന്നുകൂടി ആവശ്യമാണ് യോജിച്ചു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത. ഏകോപിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ നമുക്കു ലക്ഷ്യസ്ഥലത്തെത്താന്‍ കഴിയൂ, നാടിനെ നന്നാക്കാന്‍ സാധിക്കൂ. എത്ര സമര്‍ഥനും ധീരനും ഉത്സാഹിയുമായാല്‍ക്കൂടി മറ്റുള്ളവരൊന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ ഗുണങ്ങള്‍കൊണ്ടു ഫലമില്ല.

Content Highlights: death anniversary of k p kesava menon


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented