ലണ്ടന്‍: ഫ്രഞ്ച് എഴുത്തുകാരന്‍ ഡേവിഡ് ദിയോപ്പിന്റെ 'എറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക്' എന്ന നോവലിന് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം. ഒന്നാം ലോക യുദ്ധത്തില്‍ ഫ്രാന്‍സിനുവേണ്ടി പോരാടുന്ന സെനഗലുകാരായ രണ്ട് പട്ടാളക്കാരുടെ പ്രക്ഷുബ്ധമായ ജീവിതകഥ പറയുന്നതാണ് നോവല്‍. 

അമേരിക്കന്‍ കവയിത്രി അന്ന മോസ്ചോവാക്കിസ്‌കോവിന്റേതാണ് പരിഭാഷ. 2018-ല്‍ പ്രസിദ്ധീകരിച്ച പുസ്തകം ദിയോപ്പിന്റെ രണ്ടാമത്തെ നോവലാണ്. ബുക്കര്‍ സമ്മാനം നേടുന്ന ആദ്യ ഫ്രഞ്ചുകാരനാണ്.

പ്രണയത്തിന്റെയും യുദ്ധത്തിന്റെയും വിഭ്രാന്തിയുടെയും കഥ പറയുന്ന നോവലിന്റെ ശക്തി ഭയപ്പെടുത്തുന്നതാണെന്ന് ജൂറി അധ്യക്ഷ ലൂസി ഹഗ്‌സ് ഹാലറ്റ് അഭിപ്രായപ്പെട്ടു. 50,000 പൗണ്ട് (ഏകദേശം 52 ലക്ഷം രൂപ) ആണ് സമ്മാനത്തുക. ഇത് പരിഭാഷകയുമായി പങ്കിടും. 

ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി യു.കെ.യിലോ അയര്‍ലന്‍ഡിലോ പ്രസിദ്ധീകരിച്ച രചനകള്‍ക്കാണ് പുരസ്‌കാരം നല്‍കിവരുന്നത്. ഇംഗ്ലണ്ടിലെ കൊവെന്ററി കത്തീഡ്രലില്‍ ഓണ്‍ലൈനായാണ് ഇത്തവണ പുരസ്‌കാരച്ചടങ്ങ് നടക്കുക.

Content Highlights: David Diop wins International Booker