രു കാരണവശാലും ഭാഗിക്കരുതെന്ന ബുക്കറിന്റെ ചട്ടം മറികടന്നുകൊണ്ടുള്ള ചരിത്ര പ്രഖ്യാപനമായിരുന്നു ഇത്തവണത്തെ ബുക്കര്‍ പുരസ്‌കാരത്തിന്റേത്. ബെര്‍ണാഡിന്‍ എവരിസ്റ്റോയും മാര്‍ഗരറ്റ് അറ്റ്‌വുഡും പുരസ്‌കാരം പങ്കുവെച്ചു. ഇരുവരുടെയും കൃതികള്‍ ഒന്നിനൊന്ന് മികച്ചുനിന്നതോടെ ഒരാളെ തിരഞ്ഞെടുക്കാന്‍ സാധിച്ചില്ലെന്നും മികച്ചത് ഏതെന്ന ചോദ്യത്തിന് രണ്ടുമെന്നുപറയാനേ സാധിക്കൂ എന്നും വ്യക്തമാക്കിയാണ് ജൂറി പുരസ്‌കാരങ്ങള്‍ പങ്കുവെയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

മാര്‍ഗരറ്റ് അറ്റ്‌വുഡുമായി പുരസ്‌കാരം പങ്കുവച്ചത് വഴി ബെര്‍ണാഡിന്‍ എവരിസ്റ്റോയുടെ നേട്ടം വിലകുറച്ച് കാണിക്കപ്പെട്ടു എന്നതാണ് പ്രധാന വിമര്‍ശം. ബുക്കര്‍ നേടുന്ന ആദ്യ കറുത്തവംശക്കാരിയാണ് എവരിസ്റ്റോ. പുരസ്‌കാര നിര്‍ണയത്തെ ചരിത്രപരമായ പരാജയം എന്നാണ് മുന്‍ ബുക്കര്‍ പുരസ്‌കാര നിര്‍ണയ സമിതി അംഗം സാം ലെയ്ത് വിശേഷിപ്പിച്ചതെന്ന് ദി ഗാര്‍ഡിന്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് എഴുത്തുകാരോടും അനീതി കാണിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ഗേള്‍, വുമണ്‍, അതര്‍' എന്ന പുസ്തകമാണ് ബെര്‍ണാഡിന്‍ എവരിസ്റ്റോയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. വ്യത്യസ്തവ്യക്തിത്വത്തിന് ഉടമകളായ 12 പേരുടെ ജീവിതവും പ്രയാസങ്ങളുമാണ് പ്രമേയം. വനിതകളും കറുത്ത വംശജനും ബ്രിട്ടീഷുകാരും തങ്ങളുടെയും കുടുംബത്തെയും സുഹൃത്തുക്കളെയും പ്രണയിതാക്കളെയും കുറിച്ച് പറയുന്നതാണ് കഥ. 'ദി ടെസ്റ്റമെന്റ്‌സ്' എന്ന കൃതി അറ്റ്‌വുഡിനും പുരസ്‌കാരം നേടിക്കൊടുത്തു. 

1992-ലാണ് ഇതിന് മുമ്പ് ബുക്കര്‍ പങ്കിട്ടത്. അന്ന് മിഷേല്‍ ഒണ്ടാത്ജീയെയും ബാരി അണ്‍സ്വെര്‍ത്തിനെയും ജേതാക്കളായി തിരഞ്ഞെടുത്തതോടെയാണ് പുരസ്‌കാരം ഭാഗിക്കാനാവില്ലെന്ന് സംഘാടകര്‍ തീര്‍ത്തുപറഞ്ഞത്. അതിന് മുമ്പ് 1974-ല്‍ നാദിന ഗോര്‍ഡിമെറും സ്റ്റാന്‍ലി മിഡില്‍ടണും ബുക്കര്‍ പങ്കിട്ടിരുന്നു.

നേരത്തെ 2019-ലെ നൊബേല്‍ പുരസ്‌കാരം ഓസ്ട്രിയന്‍ നോവലിസ്റ്റും നാടകകൃത്തുമായ പീറ്റര്‍ ഹാന്‍ഡ്കെയ്ക്ക് നല്‍കിയതും വിവാദമായിരുന്നു. ഹാന്‍ഡ്‌കെയ്ക്ക് സാഹിത്യ നൊബേല്‍ നല്‍കാനുള്ള അക്കാദമിയുടെ തീരുമാനം അല്‍ബേനിയ, ബോസ്നിയ, കൊസോവോ എന്നിവിടങ്ങളില്‍ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്. അന്തരിച്ച സെര്‍ബിയന്‍ നേതാവ് സ്ലോബോദന്‍ മിലോസെവിച്ചിന്റെ ആരാധകനായാണ് ഹാന്‍ഡ്കെ അറിയപ്പെടുന്നത്. ഇതും ഹാന്‍ഡ്‌കെയുടെ സെര്‍ബ് അനുകൂല പരാമര്‍ശങ്ങളുമാണ് അദ്ദേഹത്തെ ഒരു വിഭാഗത്തിന് അനഭിമതനാക്കിയത്.

Content Highlights: Controversy after Booker awards prize to two authors