തിരുവനന്തപുരം: വിവിധ ഭാഷകളിൽനിന്ന് എം.പി. സദാശിവൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് 107 കൃതികൾ. സ്വന്തം രചനകളായി 13 കൃതികളും. ബൃഹദ്‌ഗ്രന്ഥങ്ങളുൾപ്പെടെ പരിഭാഷയുടെ പേജുകൾ കണക്കാക്കിയാൽ 45,000 അച്ചടിപേജുകൾ വരും. ഇദ്ദേഹം ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംപിടിച്ചു. വഴുതക്കാട് വനംവകുപ്പ് ആസ്ഥാനത്തിന് സമീപം ഡി-27 പദ്മരാഗത്തിൽ ഏജീസ് ഓഫീസിൽനിന്ന് സീനിയർ ഓഡിറ്റ് ഓഫീസറായി വിരമിച്ച എം.പി. സദാശിവന് (84) അക്ഷരങ്ങളുടെ കൂടുമാറ്റം വികാരം ചോരാത്ത മൊഴിമാറ്റമാണ്.

ഇംഗ്ലീഷിൽനിന്നാണ് 95 ശതമാനം വിവർത്തനങ്ങളും. തമിഴ്, ഹിന്ദി ഭാഷകളിൽനിന്നും മൊഴിമാറ്റിയിട്ടുണ്ട്. നോവൽ, കവിത, ചെറുകഥ, ജീവചരിത്രം, ബാലസാഹിത്യം, ജ്യോതിഷം, വാസ്തുശാസ്ത്രം, നിയമം, സാമ്പത്തികശാസ്ത്രം തുടങ്ങി വിവിധ മേഖലകളിലെ ഗ്രന്ഥങ്ങൾ ഇവയിൽപ്പെടും. ദിവസവും 50 പേജുകൾവരെ വിവർത്തനം ചെയ്യും. ഡി.സി. കിഴക്കേമുറിയാണ് സദാശിവനിലെ വിവർത്തകനെ കണ്ടെത്തിയത്. ഷെർലക് ഹോംസിലെ ചെമ്പൻമുടിക്കാർ എന്ന കൃതിയായിരുന്നു തുടക്കം. കെ.ആർ. നാരായണന്റെ ‘ഇമേജസ് ആൻഡ് ഇൻസൈറ്റ്’ എന്ന പുസ്തകം വിവർത്തനം ചെയ്യാമെന്ന് ഏറ്റയാൾ പിന്മാറിയപ്പോൾ ഡി.സി. സദാശിവനെ ഇതിനായി ചുമതലപ്പെടുത്തുകയായിരുന്നു. അന്നത്തെ രാഷ്ട്രപതി കെ.ആർ. നാരായണൻ പങ്കെടുക്കുന്ന പ്രകാശനത്തീയതി അടുത്തതിനാൽ ആറുദിവസം പകലും രാത്രിയുംകൊണ്ടാണ് 200 പേജുള്ള കൃതി ‘ഉൾക്കാഴ്ചകൾ’ എന്നപേരിൽ പൂർത്തിയാക്കിയത്. അമർത്യസെൻ, അരുന്ധതി റോയ്, ഡോ. ശശി തരൂർ, നോം ചോംസ്‌കി, ഗ്യാനി സെയിൽസിങ്, എ.പി.ജെ. അബ്ദുൽകലാം, ടി.എൻ. ശേഷൻ, ഖുശ്വന്ത് സിങ് തുടങ്ങിയവരുടെ പുസ്തകങ്ങൾ അദ്ദേഹം വിവർത്തനംചെയ്തു.

എട്ടുമാസംകൊണ്ട് പൂർത്തിയാക്കിയ ആയിരത്തൊന്നു രാവുകളാണ് മികച്ചതെന്ന് അദ്ദേഹം പറയുന്നു.

കോവിഡ് കാലത്ത് രചിച്ച ‘പെണ്ണരശ് നാട്ടിലെ ഒരു കുടുംബപുരാണം’ എന്ന നോവലാണ് ഇനി പ്രസിദ്ധീകരിക്കാനുള്ളത്. കന്യാകുമാരി ജില്ലയിലെ കാട്ടാത്തുറയിൽ ജനിച്ച സദാശിവൻ ജന്മനാടിന്റെ ചരിത്രം, സമൂഹം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ കൃതി രചിച്ചത്.

ഭാര്യ: പത്മജ. മക്കൾ: ശുഭ (റിട്ട. അധ്യാപിക, ശിശു വിഹാർ യു.പി.എസ്.), പത്മകുമാർ (ബിസിനസ്). കേരള സാഹിത്യ അക്കാദമി, ബാലസാഹിത്യ അവാർഡ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ പുരസ്കാരവും കേന്ദ്ര സർക്കാർ സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.

content highlights: Completed 107 translations, 13 books; Sadasivan is still busy writing